സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം ചുവടുവച്ച് മഞ്ജു വാര്യർ. രജനികാന്ത് നായകനായി എത്തുന്ന ടി ജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' സിനിമയിലെ ഗാനത്തിലാണ് മഞ്ജു എത്തുന്നത്. 'മനസിലായോ' എന്ന് ഗാനത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഇതിലാണ് കിടിലൻ ചുവടുമായി മഞ്ജു എത്തിയത്. ഗാനം റിലീസ് ചെയ്ത ആദ്യ രണ്ട് മണിക്കൂറിൽ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗാനത്തിൽ രജനിയും മഞ്ജുവും ഒരുമിച്ച് ചുവട് വയ്ക്കുന്നുണ്ട്. ചുവന്ന സാരിയിലാണ് മഞ്ജു എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. അനിരുദ്ധ്, മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് വരികളൊരുക്കിയത്.
രജനികാന്ത് നായകനാവുന്ന 170ാമത്തെ ചിത്രമാണ് 'വേട്ടയ്യൻ' ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമ്മാണം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനി തിരുവനന്തപുരത്ത് വന്നിരുന്നു. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |