മലയാളസിനിമയുടെ അമ്മയെന്നറിയപ്പെട്ടിരുന്ന കവിയൂർ പൊന്നമ്മ വിട പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. വെളളിത്തിരയിൽ കൂടുതലും അമ്മ വേഷം ചെയ്തിരുന്ന താരത്തെ മലയാളികൾ മറക്കില്ല. ഇപ്പോൾ പൊന്നമ്മയുടെ പഴയകാല അഭിമുഖങ്ങൾ പലതും സോഷ്യൽമീഡിയയിൽ മുഴുവൻ വൈറലാകുന്നത്. ഒരു അഭിമുഖത്തിൽ താരം ഭർത്താവായിരുന്ന മണിസ്വാമിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും ചർച്ചയാകുന്നുണ്ട്. ഭർത്താവിൽ നിന്നും ഒരുപാട് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പൊന്നമ്മ പറഞ്ഞിരുന്നത്.
'ഭർത്താവ് ഒരിക്കലും സ്‌നേഹമായിട്ട് പെരുമാറിയിട്ടില്ല. പക്ഷെ അദ്ദേഹം മരിക്കുന്ന സമയം എന്നോടൊപ്പമുണ്ടായിരുന്നു. അവസാനമായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. എനിക്ക് അദ്ദേഹത്തോട് ദേഷ്യത്തേക്കാൾ വെറുപ്പാണ് തോന്നിയിരുന്നത്. മണിസ്വാമിയെ ചികിത്സിക്കുന്ന ഡോക്ടർ അവസാന നാളുകളെത്തിയപ്പോൾ എന്നോട് പറഞ്ഞു. മണിസ്വാമിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ സാധിച്ചുകൊടുക്കണമെന്ന്. അങ്ങനെ ഞാൻ പഴയ സംഭവങ്ങളെല്ലാം മറന്നു.
ഒരു ഭർത്താവ് എന്താകരുത് എന്ന് ആഗ്രഹിച്ചോ അതായിരുന്നു അദ്ദേഹം. എന്തിനാണ് ഉപദ്രവിച്ചത് എന്ന് എനിക്ക് മനസിലായിരുന്നില്ല. ശബ്ദം പോയതിനുശേഷം എന്റെ കൈപിടിച്ച് എന്നും കരയുമായിരുന്നു. അവസാന നാളുകളിൽ അദ്ദേഹം ഒരുപാട് ദുഃഖിച്ചു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല. എനിക്ക് വിവാഹത്തിനുമുൻപ് ഒരാളോട് ഇഷ്ടമുണ്ടായിരുന്നു. പരിശുദ്ധമായ ഒരു ഇഷ്ടം. കല്യാണം കഴിക്കാൻ താൽപര്യമുണ്ടായിരുന്നു. പക്ഷെ എന്നോട് മതം മാറാൻ അയാൾ ആവശ്യപ്പെട്ടു. ഞാനത് നിഷേധിച്ചു. അങ്ങന ആ ബന്ധം അവസാനിച്ചു.
ആ സമയത്താണ് 'റോസി' എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവായ മണിസ്വാമി വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് നേരിട്ട് പറയുകയായിരുന്നു. അദ്ദേഹത്തെ വിവാഹം ചെയ്താൽ കുടുംബത്തിന് സഹായമാകുമെന്ന് ഞാൻ കരുതി. പക്ഷെ എല്ലാം തകിടം മറിഞ്ഞു'- പൊന്നമ്മ പറഞ്ഞു.
മകളായ ബിന്ദുവിനെക്കുറിച്ചും താരം അഭിമുഖത്തിൽ പറഞ്ഞു. 'താൻ സ്‌നേഹിച്ചിട്ടില്ലെന്ന് മകൾ പരിഭവം പറയാറുണ്ട്. അവളുടെ കുട്ടിക്കാലം മുഴുവൻ ഞാൻ തിരക്കിലായിരുന്നു. ജോലി ചെയ്യണമായിരുന്നു. എങ്കിൽ മാത്രമേ കുടുംബം മുന്നോട്ടുപോകുമായിരുന്നുളളൂ'- പൊന്നമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |