ഷാരൂഖ് - അറ്റ്ലി ചിത്രം ജവാൻ ഇന്ന് ഹൈദരാബാദിൽ പുനരാരംഭിക്കും
വിവാഹ ശേഷം നയൻതാര വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്. ഹൈദരാബാദിൽ ഇന്ന് ചിത്രീകരണം പുനരാരംഭിക്കുന്ന ഷാരൂഖ് ഖാൻ - അറ്റ്ലി ചിത്രം ജവാനിൽ നയൻതാര അടുത്ത ആഴ്ച ജോയിൻ ചെയ്യും. നയൻതാര ആണ് ചിത്രത്തിലെ നായിക. മുംബയിൽ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണമാണ് ഹൈദരാബാദിൽ നടക്കുന്നത്. നയൻതാരയുടെയും സംവിധായകൻ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിൽ നയൻതാര എത്തുക. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം കൊച്ചിയിലുള്ള നയൻതാര അടുത്തദിവസം ചെന്നൈയിൽ എത്തിച്ചേരും. കൊച്ചിയിലെ ഹോട്ടലിൽ വിഘ്നേഷ് ശിവനൊപ്പം നയൻതാര ഭക്ഷണം കഴിക്കാൻ എത്തിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ചെട്ടികുളങ്ങര ക്ഷേത്രത്തിലും ഇരുവരും ദർശനം നടത്തിയിരുന്നു. തിരുവല്ലയിലെ ബന്ധുവീടുകളിൽ വിഘ്നേഷ് ശിവനൊപ്പം നയൻതാര സന്ദർശിക്കുകയും ചെയ്തു. പഠനകാലത്തെ അടുത്ത കൂട്ടുകാരെ കാണാനും സമയം കണ്ടെത്തി. മലയാളത്തിൽ പൃഥ്വിരാജ് ചിത്രം ഗോൾഡ് ആണ് നയൻതാരയുടെ പുതിയ റിലീസ്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്.അതേസമയം ജവാൻ സിനിമയിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്. പ്രിയ മണി സുപ്രധാന വേഷത്തിൽ എത്തുന്നു. യോഗി ബാബു, സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |