തെന്നിന്ത്യൻ ലേഡീസൂപ്പർ സ്റ്റാർ എന്ന വിശേഷണം സിനിമലോകം ചാർത്തി തന്നതാണെന്ന് ഏറ്റവും നന്നായി അറിയുന്ന ആൾ നയൻതാര തന്നെ. ആരാധകരുടെ നയൻസ് നാളെ 40 വയസിലേക്ക് കടക്കും.
ജീവിതത്തിലെ ഏറ്റവും മധുരതരമാണ് ഇത്തവണ നയൻതാരയ്ക്ക് ജന്മദിനം. നയൻതാര- വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി വീഡിയോ നയൻതാര : ബിയോണ്ട് ദ ഫെയറി ടെയ്ൽ നാളെ മുതൽ നെറ്റ് ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. നയൻതാരയുടെ വ്യക്തിജീവിതവും സിനിമാ യാത്രയും ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിയുടെ ദൈർഘ്യം ഒരുമണിക്കൂർ 21 മിനിറ്റാണ്. വിവാഹത്തിന്റെ സ്ട്രീമിംഗ് അവകാശത്തിന് 25 കോടിയാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും നെറ്റ്ഫ്ളിക്സ് നൽകിയത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി പുറത്തിറങ്ങുന്നത് വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനു ശേഷം എന്ന പ്രത്യേകത കൂടിയുണ്ട്. വിവാഹവും കുടുംബജീവിതവും മാത്രമല്ല ഡോക്യുമെന്ററിയിൽ. വിഘ്നേശ് ശിവനുമായുള്ള സൗഹൃദം, ജന്മനാടായ തിരുവല്ലയും , മാതാപിതാക്കളായ കോടിയാട്ട് കുര്യനും ഓമന കുര്യനുമെല്ലാം കടന്നുവരുന്ന ഡോക്യുമെന്ററി കാണാൻ പുതിയ രണ്ടുപേർകൂടി കാഴ്ചക്കാരായുണ്ടാകും. നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളായ ഉയിരും ഉലഗും. ഡോക്യുമെന്ററിയുടെ ട്രെയിലർ പോസ്റ്ററിൽ മക്കളോടൊപ്പമുള്ള കുടുംബചിത്രം വേണമെന്ന് നയൻതാരയുടെ ആഗ്രഹമായിരുന്നു. കുടുംബജീവിതത്തിനും സൗഹൃദത്തിനും നയൻതാര നൽകുന്ന പ്രാധാന്യം പുതിയ കാര്യമല്ല. പിറന്നാൾ ദിനത്തിൽ നയൻതാര ഒരുക്കുന്ന സർപ്രൈസ് എന്തായിരിക്കുമെന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.വയസ് നാൽപ്പതിന്റെ പടി കയറുമ്പോഴും സിനിമയിൽ മാത്രമല്ല ജീവിതത്തിലും നയൻതാര ചെറുപ്പം നിലനിറുത്താൻ ശ്രദ്ധിക്കുന്നു.എല്ലാ ആഘോഷവും കുടുംബത്തിനൊപ്പം മാത്രം .മലയാളത്തിലേക്ക് നയൻതാര ഇനി വരുന്നത് കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ്.
നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിലാണ് ഈ പകർന്നാട്ടം. ചെന്നൈയിലെ ലൊക്കേഷനിൽ നയൻതാര അടുത്ത ദിവസം വീണ്ടും എത്തും. രണ്ടുവർഷത്തിനുശേഷം അഭിനയിക്കുന്ന മലയാള ചിത്രം. തമിഴിൽ തനി ഒരുവൻ 2, മൂക്കുത്തി അമ്മൻ 2 എന്നീ സിനിമകൾ കാത്തിരിപ്പുണ്ട്.
ആ
വിളിയിൽ സത്യം
നായക കേന്ദ്രീകൃത സിനിമകൾ തന്നെയാണ് എല്ലാക്കാലത്തും തമിഴകം അടക്കിവാണത്. ഇതിന് മാറ്റം വരുത്താൻ തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കാൻ മുൻപും പിൻപും മറ്റൊരു മലയാളി നായികയ്ക്കും കഴിഞ്ഞില്ല എന്നത് ചരിത്രം. കോലമാവ് കോകില, മായ, ഡോറ എന്നീ ചിത്രങ്ങൾ ചരിത്ര വിജയം നേടിയപ്പോൾ നായിക കേന്ദ്രീകൃത സിനിമ എന്ന വിലാസം നയൻതാര സ്വന്തമാക്കി. ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച നയൻതാര ഇനി ചെയ്യാൻ പോകുന്നത് എല്ലാം ചലച്ചിത്രലോകം ഉറ്റുനോക്കുന്നു.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത, മെയ് വഴക്കം, പിന്നെ അഭിനയത്തികവ്. എല്ലാം നയൻതാരയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു ഘട്ടത്തിൽ വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ നിശ്ചയദാർഢ്യത്തിന് മുൻപിൽ അവ എല്ലാം തല കുനിക്കുകയും തളരാതെ മുന്നേറുന്നതുംസിനിമാലോകം കണ്ടു. പ്രതിസന്ധികളെ നേരിട്ട് ശക്തമായി തിരിച്ചുവരണം എന്ന ഉപദേശം ആരും പഠിപ്പിക്കേണ്ടതില്ല. സിനിമയിൽ വന്ന ശേഷമാണ് ജീവിതം പഠിച്ചതെന്ന് നയൻതാര തന്നെ പറയാറുണ്ട്. പകർന്നാട്ടത്തിലൂടെ അഭിനയം പഠിച്ചു. നയൻതാര എന്ന ശക്തമായ സ്ത്രീയെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് വിഘ്നേശ് ശിവൻ പല ആവർത്തി പറഞ്ഞു. 'തങ്കമേ"എന്നാണ് വിഘ്നേശ് ശിവൻ നയൻതാരയെ വിളിക്കുന്നത്. ഈ വിളിയുടെ പിന്നിലെ കഥ വിഘ്നേശ് ശിവൻ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. തിരുവല്ലയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽനിന്ന് കോളിവുഡിലേക്കും ബി ടൗണിലേക്കും നല്ല ദൂരമുണ്ട്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറിലേക്കും കോടികളുടെ പ്രതിഫലത്തിലേക്കും അതിലേറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |