രചന മുഹ്സിൻ പരാരി
മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ നായകൻ. സംവിധായകൻ കൂടിയായ മുഹ്സിൻ പരാരിയാണ് തിരക്കഥ. ടൊവിനോ തോമസ് നായകനായി തന്ത വൈബ് എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് മുഹ്സിൻ പരാരി. മധു സി. നാരായണൻ- നസ്ലിൻ ചിത്രത്തിൽ നായിക പുതുമുഖമായിരിക്കും. ചിത്രീകരണം ഉടൻ ആരംഭിക്കും.
ഫഹദ് ഫാസിൽ , സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽഎത്തി മികച്ച വിജയം നേടിയ കുമ്പളങ്ങി നൈറ്റ്സിനുശേഷം മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. അതേസമയം പ്രേമലുവിന്റെ തകർത്ത വിജയത്തിനുശേഷം ഭാഗ്യതാരകമായി നസ്ളിൻ മാറി. നിരവധി ചിത്രങ്ങളാണ് നസ്ളിൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്.
നസ്ളിൻ, ലുക്‌മാൻ, ഗണപതി, അനഘ രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന ഏപ്രിൽ 11ന് തിയേറ്ററിൽ.
നസ്ളിൻ സിക്സ് പാക്കിൽ എത്തുന്ന ആലപ്പുഴ ജിംഖാന സ്പോർട്സ് കോമഡി ത്രില്ലറാണ്.
നസ്ളിൻനായകനായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച് അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയായി.
കല്യാണി പ്രിയദർശൻ ആണ് നായിക. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിന് അരുൺ ഡൊമിനിക്കും നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് തിരക്കഥ. ശാന്തി ബാലചന്ദ്രൻ ആദ്യമായാണ് തിരക്കഥ എഴുതുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്ളിൻ ആണ് നായകൻ. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന പ്രേമലു 2 ആണ് മറ്റൊരു പ്രോജക്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |