പരസ്യചിത്ര രംഗത്തേക്ക് മടങ്ങി തുടരും സിനിമയിൽ സി.ഐ ജോർജ് സാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മ. പുതിയ പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിൽ മുഴുകുന്ന പ്രകാശ് വർമ്മയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. 27 വർഷമായി പരസ്യചിത്രങ്ങളുടെ മേഖലയിലാണ് പ്രകാശ് വർമ്മ .
നിർവാണ എന്ന ഇന്ത്യയിലെ പ്രശസ്തമായ പരസ്യനിർമ്മാണ കമ്പനിയുടെ ഉടമയായ പ്രകാശ‌്‌വർമ്മ അപ്രതീക്ഷിതമായാണ് തുടരും സിനിമയിൽ ജോർജ് സാർ എന്ന രസികൻ വില്ലൻ കഥാപാത്രമായി എത്തിയത്. കട്ടി മീശയും കഷണ്ടി കയറിയ ഹെയർ സ്റ്റൈലും കണ്ട പ്രേക്ഷകർ ജോർജ് സാറിനെ 'ഇങ്ങ് എടുത്തു.' മുൻപ് സിനിമ മാത്രമായിരുന്നു പ്രകാശ് വർമ്മയുടെ ജീവിതം. സിനിമയിൽ എത്താൻ അത്രമാത്രം ആഗ്രഹിച്ചു.
ലോഹിതദാസിന്റെയും വിജി തമ്പിയുടെയും സഹസംവിധായകനായി. പരസ്യമേഖലയിൽ സംവിധായകൻ വി.കെ. പ്രകാശിനൊപ്പം സഹസംവിധായകൻ മെല്ലേ ആ മേഖലയിൽ സ്വതന്ത്ര സംവിധായകനായി. ഐഫോൺ, നെറ്റ്‌ഫ്ളിക്സ്, ആമസോൺ പ്രൈം, ഫോൺ പേ, കിറ്റ്കാറ്റ്, കാമെറി ഐസ്‌ക്രീം, നെസ്‌ലെ തുടങ്ങി ഒരുപാട് ലോക ബ്രാന്റുകളുടെ പരസ്യങ്ങൾ പിറക്കുന്നത് പ്രകാശ് വർമ്മയുടെ കൈകളിലാണ്. ആദ്യ അഭിനയം ഗംഭീരമായതിന്റെ ആവേശത്തിലാണ് പ്രകാശ് വർമ്മ. ''കുറച്ചുകൂടി നേരത്തേ വരേണ്ടതായിരുന്നു'' എന്നു സിനിമ കണ്ട എത്രയോ പ്രേക്ഷകർ പ്രകാശ് വർമ്മയോട് തന്നെ പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാനാണ് തീരുമാനം. സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ് പ്രകാശ് വർമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |