'എൻ വഴി തനി വഴി "എന്ന രജനികാന്തിന്റെ പഞ്ച് ഡയലോഗ് കടമെടുക്കുന്നു. ആദ്യം വില്ലൻ, പിന്നെ സഹനടൻ, ഹീറോ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ ഇപ്പോൾ തലൈവർ. ഇന്ത്യൻ സിനിമാ ലോകത്ത് അഞ്ച് പതിറ്റാണ്ട് നിറയുന്ന ഒരേയൊരു സൂപ്പർ സ്റ്റാർ. ബ്ളാക്ക് ആൻഡ് വൈറ്റ് മുതൽ ആനിമേഷൻ വരെ സിനിമയുടെ വിവിധ ഘട്ടങ്ങളിൽ മാറ്റമില്ലാതെ രജനിയുഗം തുടരുന്നു. രജനി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചിട്ട് ആഗസ്റ്റ് 15ന് 50 വർഷം . 1974 ൽ ചിത്രീകരിച്ച അപൂർവ്വരാഗങ്ങൾ എന്ന കെ. ബാലചന്ദർ ചിത്രം തിയേറ്ററുകളിൽ എത്തിയത് 1975 ആഗസ്റ്റ് 15ന്. ശിവാജി റാവു ഗെയ്ക് വാദ് എന്ന യഥാർത്ഥ പേരിൽ നിന്ന് രജനികാന്തിൽ എത്തുക എന്നത് സിനിമാ കഥയേക്കാൾ രസകരം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ തുടരുന്ന സിനിമാജീവിതം . എന്നാൽ മാതൃഭാഷയായ മറാത്തിയിൽ മാത്രം ഇതുവരെ രജനി അഭിനയിച്ചിട്ടില്ല. രജനിയുടെ സ്റ്റൈലും മാനറിസങ്ങളും അനുകരിക്കാത്ത ഒരു തമിഴ് നടനോ തമിഴ് ബാലനോ ഉണ്ടാവില്ല.
എല്ലാവർക്കും അറിയാവുന്ന കഥ
ബംഗ്ളൂരു ശിവാജി നഗറിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴാണ് ഉള്ളിൽ അഭിനയ മോഹം ഉണ്ടാവുന്നത്. ബസിൽ യാത്രക്കാരിയായി എത്തിയ നിർമ്മല എന്ന പെൺകുട്ടി ആണ് രജനിയിലെ നടനെ ആദ്യമായി തിരിച്ചറിയുന്നത്. ലോകം അറിയുന്ന നടനായി രജനി മാറുമെന്ന് നിർമ്മല പറഞ്ഞു. ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇന്റർവ്യൂ കാർഡ് അയച്ചത് രജനിയുടെ സ്വന്തം നിമ്മി ആയിരുന്നു. അഡയാർ യാത്രയ്ക്ക് 500 രൂപയും നൽകി. നിമ്മി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ലോകം അറിയുന്ന നടനായി രജനികാന്ത് മാറി. സിനിമകളിൽ അഭിനയിച്ച ശേഷം ചെന്നൈയിൽനിന്ന് മടങ്ങിവന്ന രജനി നിമ്മിയെ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. നിമ്മി ഇപ്പോഴും കാണാമറയത്താണ് . ഒന്നുകിൽ നിമ്മി മരിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ രജനിയുടെ മുന്നിൽ പ്രത്യക്ഷപ്പെടാത്തതാകാം. ലോകത്ത് എവിടെ പോയാലും രജനികാന്ത് നിമ്മിയെ ഇപ്പോഴും പരതുന്നു. ബാഷ സിനിമയുടെ ഷൂട്ടിംഗിനിടെ സൗഹൃദ സംഭാഷണത്തിൽ നടൻ ദേവനോട് പറഞ്ഞ് രജനി പൊട്ടിക്കരഞ്ഞത് ആരാധകർക്കും അറിയാവുന്ന കഥ.
മൈ നെയിം ഈസ് ബില്ല
നഗരത്തിൽ ബില്ലയെങ്കിൽ ഗ്രാമത്തിൽ മുരട്ടുകാളൈയുടെ പടയോട്ടം. അണ്ണാമലൈ സിനിമയിൽ 70 എം.എം സ്ക്രീനിൽ ആദ്യമായി തെളിഞ്ഞ ആ ടൈറ്റിൽ കാർഡ് ഇപ്പോഴും അവിടെയുണ്ട്.
നിർമ്മാതാവിന്റെ മനസ് അറിയുന്ന താരമാണ് രജനി. 1992 ൽ റിലീസായ അണ്ണാമലൈ വൻ ഹിറ്റായപ്പോൾ ആരാധകർക്കുവേണ്ടി ചെയ്ത അടുത്ത പടത്തിന്റെ പേര് ബാഷ. ബാഷ റീ റിലീസ് ചെയ്തപ്പോഴും കരഘോഷം. ബാഷയ്ക്ക് പിന്നാലെ പടയപ്പയും ചന്ദ്രമുഖിയും. അതിന് പിന്നാലെ ശിവാജി. മൊട്ടൈ ബോസായി രജനി ഉണ്ടാക്കിയ ഒാളം പ്രേക്ഷകർ തിയേറ്ററിൽ കണ്ടറിഞ്ഞു. യന്തിരന്റെ വരവ് ഒരു ഒന്നാെന്നര ആയിരുന്നു. കോച്ചടിയാനും ലിംഗയും പരാജയപ്പെട്ടപ്പോൾ രജനി യുഗം അവസാനിച്ചുവെന്ന് വിധിയെഴുതി. അപ്പോൾ കബാലി എത്തി. പിന്നാലെ കാലാ, യന്തിരൻ 2.0, പേട്ടാ, ദർബാർ, അണ്ണാത്തൈ, ജയിലർ, വേട്ടയ്യൻ. സിഗരറ്റ് വച്ചുള്ള സ്റ്റൈലുകൾ, നടപ്പിലും ഇരിപ്പിലും നോക്കിലും ഡയലോഗിലും കൈകളുടെ ചലനങ്ങളിലും തന്റേതായ ഒരു സ്റ്റൈൽ ഉണ്ട് ഇപ്പോഴും രജനിക്ക്. മുടി വിരലുകൾ കൊണ്ട് ഒതുക്കുന്ന രീതി ഇപ്പോഴും സൂപ്പർ ഹിറ്റാണ്. ദളപതിയും യജമാനനും ഉഴൈപ്പാളിയും വീരയും ഹിറ്റുകളുടെ നിരതന്നെ തീർത്തു.
സ് ക്രീനിൽ നിന്നിറങ്ങിയാൽ പച്ച മനുഷ്യൻ
നിശ്ചയ ദാർഢ്യവും ഏത് ഉയരത്തിലും കൈവിടാത്ത എളിമയുമാണ് രജനികാന്ത് എന്ന മനുഷ്യന്റെ ജീവിത രഹസ്യം. സ്ക്രീനിൽ നിന്നിറങ്ങിയാൽ അടുത്ത നിമിഷം പച്ച മനുഷ്യനാകും. ഐശ്വര്യറായ്യുടെ നായകനായി അറുപതാം വയസിൽ അഭിനയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഐശ്വര്യ റായ്യെ പോലും ഞെട്ടിച്ചു.
മാലാഖയെപ്പോലെയിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസനായ കറുത്ത കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാൻ സമ്മതിച്ചതിന്. ഇതാണ് രജനി.
പോയ കാലത്തെ ചേർത്തുപിടിക്കുകയാണ് രജനി. കമൽഹാസനെ കണ്ട് അഭിനയം പഠിക്കാൻ കെ. ബാലചന്ദർ രജനിയോട് പറഞ്ഞിട്ടുണ്ട്. കമലിനെ നോക്കി അഭിനയം പഠിക്കാൻ ശ്രമിക്കുകയാണെന്നും കമലിന്റെ അടുത്ത് എത്താൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്നും രജനി തുറന്നു പറഞ്ഞിട്ടുണ്ട്.
ആകെ രണ്ട് മലയാള സിനിമകളിൽ മാത്രമാണ് രജനികാന്ത് അഭിനയിച്ചത്. ഐ.വി. ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും. പിന്നീട് ഗർജനം എന്ന ആക്ഷൻ ചിത്രത്തിലും നായകനായി.എന്തിന് കൂടുതൽ മലയാളം സിനിമകളിൽ അഭിനയിക്കണം. തമിഴ് സിനിമകളിലൂടെ മലയാളി പ്രേക്ഷകർ രജനിയെ കണ്ടുകൊണ്ടേയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ 50-ാം വർഷത്തിന്റെ തലേന്ന് ലോക വ്യാപകമായി കൂലി റിലീസ് ചെയ്യും. സ്റ്റൈലും മാസും ആക്ഷനും നിറഞ്ഞ രജനി ചിത്രം, തലൈവർ നെരിപ്പടാ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |