ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് അനുശ്രീ. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും അനുശ്രീ സജീവമാണ്. നടിയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരാറുള്ളത്.
ഇപ്പോഴിതാ ആലപ്പുഴയിൽ ഒരു വസ്‌ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനിടെ അനുശ്രീയ്‌ക്കുണ്ടായ അനുഭവത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഫുട്‌ബോൾ താരം ഐഎം വിജയനൊപ്പം പങ്കിട്ട വേദിയിൽ നടി കരയുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നിലെ കാരണം അറിഞ്ഞതോടെ അനുശ്രീയ്‌ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഉദ്‌ഘാടന പരിപാടിയിൽ ഒരു നറുക്കെടുപ്പും അതിന്റെ സമ്മാന വിതരണവും ഉണ്ടായിരുന്നു. 10,000 രൂപയായിരുന്നു സമ്മാനം. നറുക്കെടുപ്പിൽ ലഭിച്ച നമ്പറും പേരും അവതാരക മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എന്നാൽ, തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച സദസിൽ നിന്ന് ഒരു വയോധികൻ സ്‌റ്റേജിലേക്ക് കയറിവന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ അയാൾക്ക് പക്ഷേ, നിരാശനായി മടങ്ങേണ്ടി വന്നു. ഇതാണ് അനുശ്രീയുടെ കണ്ണുനിറച്ചത്.
പിന്നാലെ, വേദിയുടെ പിന്നിലേക്ക് മാറി അനുശ്രീ കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അനുശ്രീയുടെ വിഷമം മനസിലാക്കിയ കടയുടമ വേദിയിൽ വച്ചുതന്നെ വൃദ്ധന് സമ്മാനം പ്രഖ്യാപിച്ചു. പിന്നീട് അനുശ്രീയും അദ്ദേഹത്തിന് ഒരു തുക കൈമാറി. 'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല' എന്ന് അനുശ്രീ പറയുന്നതും വൈറൽ വീഡിയോയിലുണ്ട്. സംഭവത്തിന് പിന്നാലെ നിരവധിപേരാണ് അനുശ്രീയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |