ഭാഷാവിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ. രാജ്യത്തിന്റെ അടിസ്ഥാനത്വം ഏകത്വമല്ല മറിച്ച് നാനാത്വത്തിൽ ഏകത്വമാണെന്നും അത് പലരും മറന്നു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഒരുപക്ഷേ ഞാനൊരു പഴഞ്ചനായിരിക്കാം, കാരണം ഞാൻ വളർന്ന ഒരു കാലഘട്ടത്തിൽ ഇതൊന്നും ഒരു ചർച്ചാ വിഷയം പോലുമായിരുന്നില്ല. സൈനിക് സ്കൂളിലാണ് ഞാൻ പഠിച്ചത്. എന്റെ സ്കൂൾ കാലഘട്ടം ഭൂരിഭാഗവും അവിടെയാണ് ചെലവഴിച്ചത്. അവിടെ എനിക്ക് വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സുഹൃത്തുക്കൾ ഒരുപാട് ഉണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ വ്യത്യസ്ത ഭാഷകളാണ് സംസാരിച്ചിരുന്നത്.
അതിനാൽ ഒരു രാജ്യം എന്ന നിലയിൽ നമ്മൾ ആരാണെന്നതിന്റെ ഒരു ഭാഗം മാത്രമായിരുന്നു അത്. ഈ ചർച്ചകളുടെയും സംഭാഷണങ്ങളുടെയും ചൂടിൽ, ഈ മഹത്തായ രാജ്യത്തിന്റെ അടിസ്ഥാനത്വം ഏകത്വമല്ല മറിച്ച് നാനാത്വത്തിൽ ഏകത്വമാണ്. വൈവിധ്യങ്ങൾക്കിടയിലും ഒരുപോലെയല്ലെന്നുള്ള കാര്യം നമ്മൾ മറന്നുപോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
അടുത്തതായി എനിക്ക് വരുന്ന നല്ലൊരു തിരക്കഥയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അസമീസ് ഇൻഡസ്ട്രിയിൽ നിന്നാണെങ്കിൽ ഞാൻ അത് ചെയ്യും. ഇനി അഥവാ ഒരു ഭോജ്പുരി നിർമ്മാതാവ് വന്ന് രസകരമായ എന്തെങ്കിലും കഥ പറഞ്ഞാൽ അതും എനിക്ക് ചെയ്യാൻ ഇഷ്ടമാണ്. ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ നിന്നാണ് ഞാൻ ഇവിടെ എത്തിയത്. ഇപ്പോൾ ഒരു ഹിന്ദി സിനിമയെ പ്രൊമോട്ട് ചെയ്യുന്നു. നാളെ ഞാൻ ഒരു മലയാളം സിനിമയുടെ ഷൂട്ടിംഗിനാണ് പോകുന്നത്." പൃഥ്വിരാജ് പറഞ്ഞു.
എന്ത് നന്നാകും എന്ത് നന്നാവില്ല എന്ന് മനസിലാക്കാൻ ആർക്കും ഒരു രീതിശാസ്ത്രമോ സമവാക്യമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നമ്മളെല്ലാവരും ഓരോ സിനിമയും നിർമ്മിക്കുന്നത് അത് പ്രേക്ഷകർക്ക് കണക്ടാകുമെന്ന് പ്രതീക്ഷിച്ചാണ്. അതിനു വേണ്ടിയാണല്ലോ നമ്മൾ സിനിമകൾ ഉണ്ടാക്കുന്നത്.
തെറ്റുകൾ മനസിലാക്കി വീണ്ടും പരിശ്രമിക്കും. എന്നാൽ വീണ്ടും പരാജയപ്പെട്ടേക്കാം. മുന്നോട്ടു പോകാനുള്ള ഒരേയൊരു മാർഗം അതാണ്. ഇത്രയും കാലം ജോലി ചെയ്തിട്ടും ഒന്നും ശാശ്വതമല്ലെന്ന് എനിക്കറിയാം ഇനിയുള്ളത് ഞാൻ അടുത്ത തിരഞ്ഞെടുക്കാൻ പോകുന്ന സ്ക്രിപ്റ്റിനെ ആശ്രയിച്ചിരിക്കും,"-പൃഥ്വിരാജ് കൂട്ടിചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |