കുഞ്ചാക്കോ ബോബൻ നായകനായി ചിത്രസംയോജകൻ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ലിജോ മോൾ നായിക. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും ലിജോ മോളും നായകനും നായികയുമായി എത്തുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്ത ബേബി ഗേൾ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിക്കാനിരുന്നതാണ്. എന്നാൽ ഡേറ്റ് ക്ളാഷിനെ തുടർന്ന് ചാക്കോച്ചൻ പിൻമാറി. കിരൺ ദാസ് ചിത്രത്തിൽ പൊലീസ് വേഷമാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ പൊലീസ് കഥകൾക്ക് രചന നിർവഹിച്ച ഷാഹി കബീർ ആണ് തിരക്കഥ. സാവോയ്സ് സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. പാ. വ എന്ന ചിത്രത്തിനാണ് കിരൺ ദാസ് ആദ്യമായി എഡിറ്റിംഗ് നിർവഹിച്ചത്. ഇഷ്ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടി. ലൗലി, ആനന്ദ് ശ്രീബാല, തെക്ക് വടക്ക്, ഉള്ളൊഴുക്ക്, രോമാഞ്ചം, ശേഷം മൈക്കിൽ ഫാത്തിമ, പാൽതൂ ജാൻവർ, ജാൻ എ. മൻ, ജോജി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് കിരൺദാസ് എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്. അതേസമയം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്കുശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 50 കോടി ക്ളബ് കയറിയ ഓഫീസർ ഓൺ ഡ്യൂട്ടിക്കുശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ആണ് നായകൻ. നായിക പുതുമുഖമായിരിക്കും. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം. ഈ വർഷത്തെ ബ്ലോക് ബസ്റ്ററുകളിലൊന്നാണ് ജിത്തു അഷ്റഫിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷം അവതരിപ്പിച്ച ചിത്രം കുറ്റാന്വേഷണ ഗണത്തിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |