SignIn
Kerala Kaumudi Online
Sunday, 01 March 2026 4.41 AM IST

ഹൃദയവതിയായി മിൻമിനി

Increase Font Size Decrease Font Size Print Page
ss

ലീഡ്- പിന്നിട്ട പാട്ടുവഴിയിൽ മിൻമിനിയുടെ സഞ്ചാരം

മലയാളത്തിന്റെ 'പാട്ട് ഫാക്ടറി'യിൽ മിൻമിനിയുടെ 'ഹൃദയവതി' അലയടിക്കുന്നു. എൺപതുകളിലേക്ക് വലിച്ച കൊണ്ടു പോകുന്ന പ്രണയപ്പാട്ട് 'സ്പാ' കണ്ടിറങ്ങുന്നവരുടെ കൂടെ പോരുകയാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്രയുടെ സംഗീതം.

ചിന്ന ചിന്ന ആസെെ എന്ന തമിഴ് വരികൾ ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നത് ഒാർമയില്ലേ ?വെണ്ണിലവെ തൊട്ട് മുത്തുമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ. ഒരു തലമുറ ഏറ്റെടുത്ത പാട്ട് പാടി വിസ്മയിപ്പിച്ച മിൻമിനി വീണ്ടും മധുര ഗാനവുമായി നിറയുന്നു.

പഴയ മിൻമിനിക്കാലം ഓർമ്മപ്പെടുത്തുന്നു ഹൃദയവതി എന്ന ഗാനം?

എന്നെ ഒാർക്കുകയും എന്റെ ശബ്ദം വേണമെന്ന് ആഗ്രഹിച്ച് വിളിക്കുകയും ചെയ്യുന്നവരോട് മനസ് നിറയെ സന്തോഷവും നന്ദിയും സ്നേഹവും മാത്രമേ ഉള്ളു. എൺപതുകളിലെ ശൈലി അനുകരിച്ച് എന്നതു മാത്രമല്ല, ഹൃദയവതിയുടെ പ്രത്യേകത. മധു ബാലകൃഷ്ണനൊപ്പം സ്റ്റേജ് ഷോയിൽ പാടിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഒരുമിച്ച് സിനിമയിൽ ഡ്യൂയറ്റ് പാടുന്നത് ആദ്യമാണ്. പാട്ട് കേട്ടവർ എല്ലാം നല്ല അഭിപ്രായം പറഞ്ഞു. എനിക്കും ആ പാട്ട് പ്രിയപ്പെട്ടതാണ്. പാട്ട് തന്ന സംവിധായകൻ എബ്രിഡ് ഷൈന് നന്ദി. ഇങ്ങോട്ടു വിളിച്ചുതന്ന അവസരം ആണ്. ഞാൻ ആരോട് ഇതേവരെ അവസരം ചോദിച്ചിട്ടില്ല. കാരണം, എല്ലാ അവസരവും ദൈവം എനിക്ക് കൊണ്ടുതന്നതാണ്.

എബ്രിഡ് സാർ വിളിക്കുമ്പോൾ ആത്മവിശ്വാസം കുറവായിരുന്നു. ഇടവേളയ്ത്തുശേഷം ആണ് സിനിമയിൽ പാടുന്നത്. പാട്ട് അയച്ചു തന്നു. സാറിന്റെ സംവിധാനത്തിൽ പാടി.ചില സ്വരങ്ങളൊക്കെ ഉണ്ടായിരുന്നു. മധു എത്തുമ്പോൾ വീണ്ടും പാടാൻ വരാമെന്ന് പറഞ്ഞു.അങ്ങനെ വീണ്ടും എത്തി.ആ പാട്ട് ആണ് ഇപ്പോൾ കേൾക്കുന്നത്.

എ.ആർ. റഹ്മാന്റെ ആദ്യ സിനിമയിൽ പാടാൻ അവസരം ലഭിച്ചത് ഭാഗ്യം എന്ന് പിന്നീട് എത്ര തവണ പറഞ്ഞിട്ടുണ്ടാകും ?

റോജയിൽ പാടാൻ വിളിച്ചുകൊണ്ടുപോകുന്നത് അർജുനൻ മാഷാണ്. പുതിയ സംഗീത സംവിധായകൻ. പുതിയതും പഴയവരുമായ പാട്ടുകാർ എല്ലാം ഉണ്ടെന്ന് അറിയാം.

അതിനപ്പുറം ആ പ്രായത്തിൽ വ്യക്തമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. മാത്രമല്ല, ചിന്തിക്കേണ്ട കാര്യവുമില്ല. പാടാൻ വിളിച്ചു. പോയി. അതിനും അപ്പുറം ഒരു തോന്നലും ഏത് പാട്ട് പാടുമ്പോഴും ഉണ്ടാകാറില്ല. എന്നാൽ ചിന്ന ചിന്ന ആസൈ 34 വർഷം പിന്നിടുമ്പോഴും അലയ‌ടിക്കുന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിലെ മഹാഭാഗ്യത്തിലൊന്ന്. ആ പാട്ടിലൂടെ എന്നെ ഓർമ്മിക്കുന്നു എന്നത് എന്റെ ജീവിതത്തിൽ ഉണ്ടായ വലിയ ഭാഗ്യങ്ങളിൽ

ഒന്നാണ്. പാടാൻ ലഭിച്ച അവസരം, പാടിയ സമയം, പാട്ട് റിലീസായ സമയം. അതിലൂടെയാണ് ഞാൻ അറിയപ്പെട്ടത്. അതിനെല്ലാം നന്ദിയും കടപ്പാടും റഹ്മാൻ സാറിനോടും കുടുംബത്തിനോടുമുണ്ട്.

പാട്ടിൽ നിന്ന് മാറ്റിനിറുത്തുന്ന പ്രവണതയുണ്ടോ?

എന്നെ ഇതേവരെ ആരും മാറ്റിനിറുത്തിയിട്ടില്ല. ഞാൻ ആണ് മാറി നിന്നത്. പാടാൻ അവസരമില്ലാതെ മാറിനിന്ന ഗായികയായിരുന്നില്ല. പാടാൻ കഴിയാതിരുന്ന സമയത്തും അവസരങ്ങൾ വന്നു. കഴിവുള്ളവരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം എല്ലായിടത്തുമുണ്ട്.

ഗായകരെ മനസിൽ കണ്ട് പാട്ടുകൾ ചിട്ടപ്പെടുത്തുന്ന രീതി ഇപ്പോഴും ഉണ്ടോ?

അതേപ്പറ്റി അറിയില്ല. കാരണം ഞാൻ സിനിമയുടെ ഉള്ളിൽ ജീവിക്കുന്ന ആളല്ല. സജീവമായി പാടിക്കൊണ്ടിരുന്ന സമയത്തും സിനിമാക്കാരുമായോ അതിന്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചോ യാതൊരു ബന്ധവുമില്ലാത്ത ആളാണ്. അന്നത്തെ പോലെ തന്നെ ആ അജ്ഞത ഇന്നുമുണ്ട്.

സ്വാഗതം മുതൽ സ്പാ വരെ എത്തിനിൽക്കുന്ന പാട്ടുജീവിതം എങ്ങനെ കാണുന്നു?

വളരെ അധികം സന്തോഷവും സംതൃപ്തിയുമുണ്ട്. അന്ന് എന്നെ കുഞ്ഞു മിനിയായി കണ്ടു സ്വീകരിച്ച ആസ്വാദകർ ഇപ്പോഴും അതേ സ്നേഹത്തോടും പ്രോത്സാഹനത്തോടും സ്നേഹിക്കുകയും എന്റെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതിലും വലിയ ഒരു അവാർഡ് ഗായിക എന്ന നിലയിൽ ലഭിക്കാനില്ല. ശ്രോതാക്കളുടെ മനസിൽ ഗായകനോ ഗായികയോ ഉണ്ടാകുക എന്നതാണ് ഏറ്റവും വലിയ അവാർഡ് എന്ന് വിശ്വസിക്കുന്നു.

ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം എന്ത്?

ഒരു ഭാഗ്യമല്ല, ഒത്തിരി ഭാഗ്യമുള്ള ആളാണ്. അപ്പനും അമ്മയും എനിക്ക് ജന്മം നൽകിയതുതന്നെ വലിയ ഭാഗ്യമല്ലേ? അത്രയും നിഷ്കളങ്കരായ മാതാപിതാക്കളുടെ മകളായി ജനിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം. മൂന്നു ചേച്ചിമാരുടെ കുഞ്ഞനുജത്തിയായി ജീവിക്കാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.സംഗീതത്തെ സ്നേഹിക്കുന്ന കുടുംബം. ഇതേപോലെ ഒത്തിരി, ഒത്തിരി ഭാഗ്യമുണ്ട്. ഇപ്പോൾ ഏറ്റവും വലിയ ഭാഗ്യം എന്റെ കുടുംബം തന്നെയാണ്.

മൂന്നുവർഷം മാത്രം നീണ്ട ഗാനാലാപനകാലത്തെ എങ്ങനെ വിലയിരുത്തുന്നു?

ശബ്ദം നഷ്ടപ്പെടുന്നതിന് മുൻപ് കരിയർ ഉണ്ടായിരുന്നു. ശബ്ദം ഇല്ലാതായപ്പോൾ കരിയർ നഷ്ടപ്പെട്ടു. എന്റെ ശബ്ദം തന്നെയായിരുന്നു ജീവിതത്തിന്റെ ബലം. കുറെ വർഷം മാറി നിന്നശേഷം

പാടുന്നത് എൻട്രി സിനിമയിൽ മെജോ ജോസഫിന്റെ സംഗീതത്തിൽ ആണ്. പിന്നീട് മെജോയുടെ സംഗീതത്തിൽ രണ്ട് തെലുങ്ക് സിനിമകളിൽ പാടി. അതിനുശേഷം ഏറെ നാൾ കഴിഞ്ഞു. ചിറകൊടിഞ്ഞ കിനാവുകളിൽ പാടാൻ ദീപക് ദേവ് വിളിച്ചു. ജയൻ അങ്കിളിന്റെ കൂടി (പി. ജയചന്ദ്രൻ) സിനിമയിൽ ആദ്യമായി പാടുന്ന പാട്ടാണ് നിലകുടമേ . പാട്ട് കേട്ട ഗോപിസുന്ദർ മിലിയിൽ പാടാൻ വിളിച്ചു. ബിജിബാലിന്റെ സംഗീതത്തിൽ ലൗ 24 x 7, ഇതിനുശേഷം നിരവധിക്രിസ്തീയ ആൽബങ്ങളിൽ പാടി. ഇടവേളയ്ക്കുശേഷം പാടുന്ന പാട്ടാണ് ഹൃദയവതി . പിന്നെ മുൻപത്തേപോലെയല്ല. പുതിയ ധാരാളം പാട്ടുകാരുണ്ട്. സിനിമയിൽ തന്നെ പാടണമെന്ന് ആഗ്രഹിച്ച് ഇരിക്കാറില്ല. അവസരങ്ങൾ വരുമ്പോൾ പാടും.

വിദ്യാസാഗറിന്റെ പ്രിയ ഗായികയായിട്ടും ആ ഇൗണത്തിൽ മലയാളം പാട്ട് ഉണ്ടായില്ല?

ഞാൻ ചെന്നൈയിൽ ആയിരുന്ന കാലത്ത് വിദ്യാസാഗർ മലയാളം പാട്ടുകൾ ചെയ്തില്ല. തെലുങ്കിൽ നിരവധി ചിത്രങ്ങളിൽ പാടി. കിലുക്കത്തിന്റെ തെലുങ്ക് റീമേക്ക് അല്ലരി പിൾല, നാഗജ്യോതി, രാജധാനി, വൺ ബൈ ടു, സൗന്ദര്യ നായികയായി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം മനവരാലി പെൾട്ടി ഉൾപ്പെടെ എത്രയോ സിനിമകളിൽ പാടാൻ സാധിച്ചു. ഞാൻ പാട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് വിദ്യാസാഗർ മലയാളത്തിൽ എത്തുന്നത്. മലയാള സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാതെ പോയത് സങ്കടമായി ഒന്നും തോന്നിയില്ല. കാരണം ഒരുപാട് നല്ല പാട്ടുകൾ തെലുങ്കിൽ തന്നു.

പാട്ടിന്റെ വഴിയിൽ മക്കൾ. എപ്പോഴായിരിക്കുംഅവരോടൊപ്പം പാട്ട് ?

ദൈവത്തിന്റെ കൈയിലാണ്. പ്രതീക്ഷിക്കാം. പ്രതീക്ഷകൾക്ക് അപ്പുറം ആണല്ലോ ദൈവത്തിന്റെ തീരുമാനം. സിനിമയിൽ മ്യൂസിക് പ്രൊഡക്ഷനിൽ ആണ് മകൻ അലൻ ജോയ് മാത്യു . ഗോപിസുന്ദർ, ജെക്സ് ബിജോയ്, സുഷിൻ ശ്യാം, നേഹ -യാക്സൻ എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. സ്വതന്ത്ര മ്യൂസിക് വീഡിയോ ചെയ്തു. ആറാം ക്ളാസിൽ പഠിക്കുമ്പോൾ ലൗഡ് സ്പീക്കർ സിനിമയിൽ രണ്ട് പാട്ടുകൾ മമ്മൂട്ടിയോടൊപ്പം പാടി.മകൾ അന്ന കീർത്തനയും പാടും.

രണ്ടുപേർക്കും പാട്ടിൽ ജീവിക്കാനാണ് ആഗ്രഹം. വീട്ടിൽ പ്രാർത്ഥനയിൽ ഞങ്ങൾ ഒരുമിച്ച് പാടാറുണ്ട്.

ടോപ്പ് ടെൻ സോംഗ്സ് ഒഫ് മിൻമിനി ( ബോക്സ്)

1 ചിന്ന ചിന്ന ആസൈ (റോജ)

2 പാതിരവായി നേരം (വിയറ്റ്നാം കോളനി)

3 പാക്കതേ പാക്കതേ (ജെന്റിൽമാൻ)

4 സ്വയവരവായി മനോഹരിയായി (പൈതൃകം)

5 നീലരാവിൽ ഇന്ന് നിന്റെ (കുടുംബസമേതം)

6 സൗപർണികാമൃത (കിഴക്കുണരും പക്ഷി)

7 വെള്ളിതിങ്കൾ (മേലേപ്പറമ്പിൽ ആൺവീട്)

8 കാക്ക പൂച്ച (പപ്പയുടെ സ്വന്തം അപ്പൂസ്)

9 പച്ചകിളിപാടും (കറുത്തമ്മ)

10. കുഞ്ഞുപാവയ്ക്ക് ഇന്നല്ലോ (നാടോടി)

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.