
പരിമിതി നിറഞ്ഞ സാഹചര്യത്തിൽ
നായകവേഷവുമായി മുന്നേറി ബിബിൻ ജോർജ്
നായക വേഷത്തിൽ മുന്നേറുകയാണ് ബിബിൻ ജോർജ്. തിരക്കഥാകൃത്ത്. സംവിധായകൻ എന്നീ കുപ്പായങ്ങളും അണിഞ്ഞു . എന്നാൽ ക്യാമറുടെ മുന്നിൽ ആണ് കൂടുതൽ കാണുന്നത്. ജോർജ് വർഗീസ് സംവിധാനം ചെയ്ത എെ.സി.യു എന്ന സസ്പെൻസ് ത്രില്ലറുമായി ബിബിൻ ജോർജ് പ്രേക്ഷകരുടെ മുന്നിൽ. സാധാരണക്കരോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം.
ഐ.സി.യു സിനിമയിൽ അഭിനയപ്പോൾ എന്ത് പ്രത്യേകത തോന്നി ?
താന്തോന്നി സിനിമ തിയറ്ററിൽ പോയി വളരെ ചെറുപ്പത്തിൽ കണ്ടത് ഒാർത്തു .ആ സിനിമയുടെ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. . അത് ഐ.സി.യുവിന്റെ ഭാഗമായപ്പോൾ ആവേശം തന്നു . പിന്നെ ഒരുപാട് ആൺ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും സ്ത്രീകേന്ദ്രീകൃതമായി പോകുന്ന സിനിമയാണ്.അത് ഈ സിനിമയുടെ പ്രത്യേകതയാണ്. സാധാരണ ജീവിതം നയിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്റെ കഥയാണ് ഐ.സി.യു.
ചെറിയ വേഷത്തിൽ നിന്ന് തുടങ്ങി നായകനായി എത്തി നിൽക്കുന്നു ?
13 വർഷമായി സിനിമ ജീവിതം തുടങ്ങിയിട്ടെന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.2013ൽ രാവ് ആണ് ആദ്യ സിനിമ. പിന്നീട് കേരള ടു ഡേ . ചെറിയ, ചെറിയ വേഷങ്ങളിൽ നിരവധി സിനിമകൾ ചെയ്തു. സത്യം പറഞ്ഞാൽ , ആഗ്രഹിച്ചതിനും മുകളിൽ ദൈവം തന്നു. അതുപോലെ പ്രേഷകർ എന്നെ സ്വീകരിച്ചതിലും വളരെ സന്തോഷമുണ്ട്. ഇത്രയും വ
ർഷത്തിനിടെ 15 ഒാളം സിനിമയിൽ നായകനായതുതന്നെ മലയാളി പ്രേക്ഷകരുടെ മനസിന്റെ വലിപ്പംതന്നെയാണ്. മറ്റൊരു ഭാഷാ സിനിമയിലും ഇങ്ങനെ പതിമിതിയുള്ള നടനെ സ്വീകരിച്ചിട്ടില്ല എന്നാണ് കരുതുന്നത്.ഇനി അഥവാ സ്വീകരിച്ചെങ്കിൽ നായക വേഷങ്ങൾ തുടർച്ചയായി ലഭിക്കുന്നത് എനിക്ക് മാത്രമായിരിക്കും. അത് തീർച്ചയായും മലയാളികൾ തന്ന അംഗീകാരമാണ്.
അഭിനയമാണോ കൂടുതൽ പ്രിയം ?
അതിൽ ഒരു സംശയവുമില്ല. എഴുത്തുകാരൻ ആയതുതന്നെ അഭിനയിക്കാൻ വേണ്ടിയാണ്. കുട്ടിക്കാലം മുതൽ ആഗ്രഹം അഭിനയമായിരുന്നു.എന്നാൽ അതിന് എനിക്ക് പെട്ടെന്ന് എത്തിപ്പെടാൻ പരിമിതികൾ ഉണ്ടായിരുന്നതിനാൽ കണ്ടെത്തിയ മാർഗമായിരുന്നു എഴുത്ത് . ആ എഴുത്തിലൂടെ പിന്നീട് അഭിനയത്തിലേക്ക് കടന്നു.
കോമഡി എഴുതാനും ആളുകളെ ചിരിപ്പിക്കാനും ബുദ്ധിമുട്ട് എന്ന് പറയുന്നവരുണ്ട് ?
ലോകത്ത് ഏറ്റവും പ്രയാസമുള്ള ജോലിയിൽ ഒന്നാണ് കോമഡി എഴുതാനും,അത് സംവിധാനം ചെയ്യാനും ആളുകളിലേക്കെത്തിച്ച് അവരെ ചിരിപ്പിച്ച് വിജയിപ്പിക്കാനും. അതിന് പറ്റാത്തവരായിരിക്കും കോമഡിയെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത്. കാരണം എല്ലാവരെക്കൊണ്ടും കഴിയാത്ത ഒന്നാണ് തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിക്കുക എന്നത്.അത് ഒരു അപ്രാപ്യമായ കഴിവുതന്നെയാണ്. അതിനാൽ അവർക്കായിരിക്കും ഏറ്റവും കൂടുതൽ ശത്രുക്കളും ഉണ്ടാവുക. ഏതെങ്കിലും ഒരു സീരിയസ് സീൻ ആണെങ്കിൽ അതിനെ നമുക്ക് പല രീതിയിൽ ക്രിയേറ്റിവിറ്റി കൊണ്ടുവന്ന് മാറ്റങ്ങൾ വരുത്താം.എന്നാൽ തമാശയിൽ അത് സാധിക്കില്ല. ഉണ്ടാക്കിയെടുക്കുന്ന തമാശകളിൽ ഒരിക്കലും ആളുകൾ ചിരിക്കാൻ പോകുന്നില്ല. അതിന് ഒരു കഴിവുതന്നെ വേണം.
ചത്താ പച്ച, പ്രകമ്പനം എന്നീ പുതുനിരതാര സിനിമകൾ വിജയം നേടുന്നതിനെ എങ്ങനെ വിലയിരുത്തുന്നു ?
അത് വളരെ സന്തോഷമുള്ള കാര്യമാണ്. പുതുനിര താരങ്ങളുടെ മാത്രമല്ല. മമ്മുക്ക, ലാലേട്ടൻ,ചാക്കോച്ചൻ,ടൊവിനോ എന്നിവരുടെ സിനിമകളെല്ലാം ഹിറ്റാകുന്നു. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടമാണിത്. ഓരോ സിനിമയും വിജയിക്കുമ്പോൾ നമ്മൾ ഓരോരുത്തരുടെയും വിജയമായി മാറുന്നു. ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ അത് ബോളിവുഡ് മാത്രമാണ് എന്ന് വിശ്വസിച്ച കാലത്തു നിന്ന് പാൻ ഇന്ത്യൻ നിലയിലേക്ക് ഉയർത്താൻ സാധിച്ചു. ഇന്ത്യയിലെ തന്നെ ഏറ്രവും മികച്ച സിനിമകൾ എടുക്കുന്നത് മലയാളികളാകുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം.
അടുത്ത സംവിധാനം എപ്പോൾ ?
ആദ്യ സംവിധാനം മുൻകൂട്ടി തീരുമാനിച്ച് സംഭവിച്ചതല്ല .ഇനിയത്തെയും അങ്ങനെയായിരിക്കും. എല്ലാം ഒത്തുച്ചേരുമ്പോൾ ചെയ്യും. നിലവിൽ തിരക്കഥ എഴുത്തും പ്രോഗ്രാമുമായി നടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |