കണ്ണിന് വിരുന്നാണെന്നും ചിത്രശലഭങ്ങൾ. ആവാസവ്യവസ്ഥയിലെ പ്രധാനപ്പെട്ട കണ്ണികളാണിവ. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നാച്വർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മണി, ചൂലന്നൂർ എന്നീ മൂന്ന് വന്യജീവി സങ്കേതങ്ങളിൽ നടത്തിയ സർവെയിൽ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 എണ്ണത്തെ കണ്ടെത്തിയിരുന്നു. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്നു വന്യജീവി സങ്കേതങ്ങളിൽ ആകെ ഇരുന്നൂറോളം ചിത്രശലഭങ്ങളുടെ സാന്നിദ്ധ്യവും ഈ സർവെയിൽ തിരിച്ചറിഞ്ഞു. ഇതിൽ 23 എണ്ണം ചുവന്നപട്ടികയിൽ ഉൾപ്പെട്ട വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതും 63 എണ്ണം വന്യജീവി സംരക്ഷണനിയമപ്രകാരം കൂടുതൽ കരുതൽ വേണ്ടവയുമാണ്. സർവെയിൽ കണ്ടെത്തിയ നമ്മുടെ കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ച് കൂടുതലറിയാം.
നീലഗിരി പാപ്പാത്തി
(വെമ്പട ശലഭം Sahyadri Grass Yellow)
ശാസ്ത്രീയനാമം: Eurena nilgiriensis
പശ്ചിമഘട്ടത്തിലെ തനത് ശലഭം. ശ്വേത - പീത ശലഭ കുടുംബത്തിലെ ഒരു ചെറുശലഭം. ഇവയെ സാധാരണയായി നിത്യഹരിത വനങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്. മറ്റു പാപ്പാത്തി ശലഭങ്ങളെപ്പോലെ ഇവയും വളരെ ഉയരത്തിൽ പറക്കാറില്ല. നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന വെമ്പട എന്ന വള്ളിച്ചെടിയിലാണ് ഇവ മുട്ടയിടുന്നത്.
തുടലി മിന്നൻ
(Malabar Flash)
ശാസ്ത്രീയനാമം:Rapala lankana
കാടുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ ചിത്രശലഭമാണ് തുടലി മിന്നൻ. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഇവയെ കണ്ടുവരുന്നു. 300 മീ. മുതൽ 900 മീ.വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവയെ
സാധാരണയായി കണ്ടുവരുന്നത്. നീലിശലഭകുടുംബത്തിലെ (Lycaenidae) ഒരംഗം. വൻതുടലി
ഇതിന്റെ ഒരു ലാർവ ഭക്ഷണ സസ്യമാണ്.
കാട്ടുശരവേഗൻ
(Thoressa astigmata)
ശാസ്ത്രീയനാമം:Southern spotted ace/Unbranded Ace
തുള്ളൻ ശലഭകുടുംബത്തിലെ (Hesperiidae) ഒരു ചിത്രശലഭമാണിത്. ഈറ്റക്കാടുകളിലാണ് ഇവയെ
കൂടുതലായി കണ്ടുവരുന്നത്. വളരെ വേഗത്തിലാണ് ഇവ പറക്കുന്നത്. ഇലയുടെ ഉപരിഭാഗത്തിരുന്ന്
വെയിൽ കായാറുണ്ട്. ഈറ്റ (ഈറ) ചെടിയിലാണ് മുട്ടയിടുന്നത്. ലാർവ ഈറ്റയില മടക്കി
കൂടുണ്ടാക്കി അതിനുള്ളിൽ കഴിയുന്നു. ഇല തിന്നുന്നതിനു വേണ്ടി മാത്രം ഇവ പുറത്തേക്ക് വരുന്നു.
ഈറ്റശലഭം
(Travancore Evening Brown)
ശാസ്ത്രീയനാമം: Parantirrhoea marshalli
പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ഒരപൂർവ്വ
ചിത്രശലഭം. രോമപാദശലഭ (Nymphalidae) കുടുംബത്തിലെ ഒരു അംഗമാണിത്. ഈറ്റക്കാടുകളിലാണ്
ഇവയെ കണ്ടുവരുന്നത്. പ്രകാശം അധികം ഇഷ്ടപ്പെടാത്ത ശലഭമായതിനാൽ ഈറ്റക്കാടിനുള്ളിൽ
അധികസമയവും കഴിച്ചുകൂട്ടുന്നു. അതിനാൽ വനയാത്രകളിൽ ഇവയെ കാണാൻ ബുദ്ധിമുട്ടേറുന്നു. താരതമ്യേന രാവിലെയും വൈകുന്നേരവുമാണ് ഇവ കൂടുതൽ പ്രവർത്തനനിരതരാകുന്നത്.
ഈറ്റച്ചെടിയിലാണ് പെൺശലഭങ്ങൾ മുട്ടയിടുന്നത്.
ഗോമേദക ശലഭം
(Common Onyx)
ശാസ്ത്രീയനാമം: Horage onyx cingalensis
കാടുകളിലും അപൂർവമായി നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരു സാധാരണ ശലഭം.
തുറസായ പ്രദേശങ്ങളിലും പുൽമേടുകളിലും സാധാരണയായി ഇവയെ കാണാറില്ല.
ഇലയുടെ പുറത്തിരുന്ന് വെയിൽ കായാറുണ്ട്. ചിറകുകളുടെ അടിഭാഗത്ത് മുമ്പിലായി വ്യാപിച്ചുകിടക്കുന്ന ഒരു വെളുത്ത പട്ട ഇവയെ എളുപ്പം തിരിച്ചറിയുന്നതിന് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |