തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ സ്പെയിൻ യാത്രയ്ക്ക് ചെലവായത് ലക്ഷങ്ങളെന്ന് കണക്ക്. ഏകദേശം 13 ലക്ഷം രൂപയാണ് ഇതിനായി സർക്കാരിന് ചെലവായതെന്ന് വിവരാവകാശരേഖയിൽ പറയുന്നു. 2024 സെപ്തംബറിലായിരുന്നു മന്ത്രിയുടെ യാത്ര.
മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്‌പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപപോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദവും പൊളിയുകയാണ്. മെസി ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സ്ഥിരീകരിച്ചിരുന്നു.
ഈ ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. ഒക്ടോബറിൽ മാത്രമേ ടീമിനെ എത്തിക്കാൻ കഴിയൂവെന്ന് സ്‌പോൺസർമാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അർജന്റീന ഫുട്ബോൾ ടീമും സ്‌പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്.
അതേസമയം, മെസിയടങ്ങുന്ന അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാൻ ഇതുവരെ മുടക്കിയത് 130 കോടി രൂപയാണെന്നും പണം വാങ്ങിയിട്ടും ടീം വരാതിരുന്നാൽ ചതിയാണെന്നും മുഖ്യ സ്‌പോൺസറായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എം.ഡി ആന്റോ അഗസ്റ്റിൻ പറഞ്ഞു. അർജന്റീന ടീം വരില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടായിട്ടും വരാതിരുന്നാൽ നിയമനടപടിയെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |