
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
മാഡ്രിഡ് : തോൽവികളും സമനിലകളും കൊണ്ട് വലയുന്ന സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽചെന്ന് തല്ലിച്ചതച്ച് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി. മുൻ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം.
ആദ്യം ഗോൾ നേടിയത് റയലായിരുന്നെങ്കിലും അധികം വൈകാതെ സമനില പിടിച്ച പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ രണ്ടാം ഗോളും നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ബെഞ്ചിലിരുന്ന മത്സരത്തിൽ ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെപോയതോടെയാണ് സ്വന്തം ഗ്രൗണ്ടിൽ റയൽ താരങ്ങൾക്ക് തലകുനിക്കേണ്ടിവന്നത്.
28-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം നൽകിയ പാസുമായി വലതുവിംഗിലൂടെ ഓടിക്കയറിയശേഷം ഡയഗണൽ ഷോട്ടിലൂടെ റോഡ്രിഗോയാണ് റയലിനായി സ്കോർ ചെയ്തത്. 35-ാം മിനിട്ടിൽ ലഭിച്ച ഒരു കോർണർകിക്കിൽ നിന്നുള്ള ഹെഡർ റയൽ ഗോളി തിബോ കുർട്ടോ തടുത്തിട്ടുകൊടുത്തത് സിറ്റി സ്ട്രൈക്കർ നിക്കോ ഒറെയ്‌ലിയുടെ കാലുകളിലേക്കായിരുന്നു. ഒട്ടും പിഴയ്ക്കാതെ വലയിലേക്ക് തട്ടിയിട്ട് ഒറെയ്‌ലി ടീമിന്റെ സമനില ഗോൾ നേടി. 43-ാം മിനിട്ടിൽ തന്നെ ഫൗൾചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ എർലിംഗ് ഹാലാൻഡാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. തന്റെ 50-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ ഹാലാൻഡിന്റെ 51-ാമത് ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ആറുമത്സരങ്ങളിൽ നാലുവിജയങ്ങളും 13 പോയിന്റുമായി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്കുയർന്നു. 12 പോയിന്റുള്ള റയൽ ഏഴാം സ്ഥാനത്താേക്ക് വീണു.
ആറാം വിജയവുമായി ആഴ്സനൽ,
പി.എസ്.ജിക്ക് ഗോളില്ലാ സമനില
ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ കളിച്ച ആറാം മത്സരത്തിലും വിജയവുമായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ആഴ്സനൽ. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ക്ളബ് ബ്രൂഗയെയാണ് ആഴ്സനൽ
തോൽപ്പിച്ചത്. നോനു മദുക്കേ ഇരട്ടഗോളുകൾ നേടിയപ്പോൾ ഗബ്രിയേൽ മാർട്ടിനെല്ലി ഒരു ഗോളടിച്ചു.25,47 മിനിട്ടുകളിലായിരുന്നു മദുക്കേയുടെ ഗോളുകൾ. 56-ാം മിനിട്ടിൽ മാർട്ടിനെല്ലിയും സ്കോർ ചെയ്തു. ആറുമത്സരങ്ങളിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ മാത്രമാണ് സീസണിൽ ഇതുവരെ ഒരുകളിയും തോൽക്കാത്തത്.
നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി അത്‌ലറ്റിക് ക്ളബിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ 13 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞദിവസം സ്പോർടിംഗിനെ 3-1ന് തോൽപ്പിച്ച ബയേൺ മ്യൂണിക്കാണ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. കഴിഞ്ഞരാത്രി നടന്ന മറ്റുമത്സരങ്ങളിൽ യുവന്റസ് 2-0ത്തിന് പാഫോസിനെയും ബെൻഫിക്ക ഇതേ സ്കോറിന് നാപ്പോളിയേയും തോൽപ്പിച്ചു. ബയേർ ലെവർകൂസനും ന്യൂകാസിലും രണ്ടുഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 2- റയൽ മാഡ്രിഡ് 1
ആഴ്സനൽ 3- ക്ളബ് ബ്രൂഗ 0
പി.എസ്.ജി 0- അത്‌ലറ്റിക് ക്ളബ് 0
ബെൻഫിക്ക 2- നാപ്പോളി 0
യുവന്റസ് 2- പാഫോസ് 0
ലെവർകൂസൻ 2- ന്യൂകാസിൽ 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |