കൊല്ലം: 21കാരിയെ ലിവിംഗ് ടുഗെദര്‍ പങ്കാളിയുടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. പങ്കാളിയായ ബസ് കണ്ടക്ടര്‍ നിഹാസിന്റെ വീട്ടിലെ കിടപ്പ്മുറിയിലാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും നിഹാസിന്റെ വീട്ടില്‍ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു.
ഏകദേശം ആറ് മാസം മുമ്പാണ് നിഹാസും അഞ്ജനയും ഒരുമിച്ച് താമസം തുടങ്ങിയത്. ഇരുവരും അടുപ്പത്തിലായിരുന്നുവെങ്കിലും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെയാണ് അഞ്ജന നിഹാസിനൊപ്പം ഇറങ്ങിപ്പോയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരേയും കമിതാക്കളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും നിഹാസിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും വിട്ടയക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെയായി നിഹാസും അഞ്ജനയും തമ്മിലുള്ള ബന്ധം വഷളായി. ഇരുവരും തമ്മില്‍ വാക്കേറ്റവും അഭിപ്രായ വ്യത്യാസങ്ങളും പതിവായിരുന്നുവെന്നാണ് വിവരം.
അഞ്ജനയുടെ മരണത്തില്‍ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സതീഷ്, അംബിക എന്നിവരുടെ മകളാണ് അഞ്ജന. സഹോദരന്‍: അനന്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |