തിരുവനന്തപുരം: സിനിമാ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ അധിക്ഷേപ പരാമർശവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ വ്യക്തമാക്കി.
'കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണ്. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ല'- അടൂർ പറഞ്ഞു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ വിമർശനം നടത്തിയത്.
വിമർശനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തകർ പ്രതിഷേധമുയർത്തി. സംവിധായകനായ ബിജുവിനെ ഉൾപ്പടെ ചൂണ്ടിക്കാണിച്ചാണ് സദസിലുള്ളവർ മറുപടി നൽകിയത്. ഗായിക പുഷ്പലത അടൂരിന്റെ പരാമർശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. എന്നാൽ ഇത് വകവയ്ക്കാതെ അടൂർ പ്രസംഗം തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |