കൊച്ചി: ചലച്ചിത്രനടൻ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിംഗിനായി എത്തിയതായിരുന്നു. രാത്രിയോടെയാണ് മുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദായഘാതമാണെന്നാണ് പ്രാഥമികവിവരം. നടി രഹ്നയാണ് ഭാര്യ. മക്കൾ: നവാസ് നഹ്റിയാൻ, റിദ്‌വാൻ, റിഹാൻ. സിനിമാ നടനായ അബൂബക്കറിന്റെ മകനാണ്.
ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജിലാണ് ഷൂട്ടിംഗ് സംഘം വിവിധ മുറികളിലായി തങ്ങിയത്. ഇവർ മടങ്ങിപ്പോയ ശേഷം ഒരു മുറിയുടെ താക്കോൽ കിട്ടാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിന്റെ മുറി അടഞ്ഞ് കിടക്കുന്നത് കണ്ടതും തുറന്നു നോക്കിയതും.
മിമിക്സ് ഷോകളിലൂടെയാണ് നവാസ് കലാരംഗത്തേക്ക് പ്രവേശിച്ചത്. കലാഭവൻ ട്രൂപ്പിൽ അംഗമായിരുന്നു. 1995 ൽ ചൈതന്യം എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറിനൊപ്പം അദ്ദേഹം അവതരിപ്പിച്ച മിമിക്സ് ഷോകൾ ശ്രദ്ധ പിടിച്ചുപറ്റി. ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ്. അടുത്തിടെ പുറത്തിറങ്ങിയ ഇഴ എന്ന ചിത്രത്തിൽ ഭാര്യ രഹ്നയോടൊപ്പം ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |