തിരുവനന്തപുരം: പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്ന ആദി ശേഖറിനെ കൊലപ്പെടുത്തിയ കേസ് തെളിയാൻ വഴിത്തിരിവായത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു പ്രതി പ്രിയരഞ്ജനെതിരെ പൊലീസ് ആദ്യം കേസെടുത്തത്.
കൊലപാതകമാണെന്ന ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണ് നരഹത്യയ്ക്ക് കേസെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക തെളിവായി. കാർ പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രിക് കാറും ആദിയുടെ സൈക്കിളും സാക്ഷികൾ തിരിച്ചറിഞ്ഞു. കാട്ടാക്കട എസ്.എച്ച്.ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആദി ശേഖറിനൊപ്പം ഉണ്ടായിരുന്ന നീരജ്, അച്ചു, അഭിജയ് എന്നിവരെയും കേസിൽ വിസ്തരിച്ചു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദി ശേഖർ വീട്ടിലേക്കു പോകാൻ സൈക്കിളിൽ കയറവെ റോഡ്സൈഡിൽ നിറുത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതും ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തു തന്നെ വിദ്യാർത്ഥി മരിച്ചു. അദ്ധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് ആദി ശേഖർ.
കൂട്ടുകാരുടെ മൊഴി
സംഭവദിവസം ഫുട്ബോൾ കളികഴിഞ്ഞ് ക്ലബ് റൂമിൽ ഫുട്ബോൾ വയ്ക്കുന്നതിനായി ആദി ശേഖറിനോടൊപ്പം പോയെന്നും തിരികെ വന്ന് സൈക്കിളിൽ കയറിയപ്പോഴാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന നീരജ് മൊഴി നൽകി. വൻശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ പ്രിയരഞ്ജൻ കാർ നിറുത്തിയിട്ട് പുറത്തിറങ്ങുന്നത് കണ്ടുവെന്ന് അച്ചുവും മൊഴി നൽകി. രക്തത്തിൽ കുളിച്ചുകിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അഭിജയ് മൊഴിനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |