കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നിൽ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആരോപണം. സെല്ലിനകത്ത് അതും അതിസുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെ ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞെന്നാണ് പലരുടെയും ചോദ്യം. വളരെ കട്ടികൂടിയ സെല്ലിലെ കമ്പി മുറിക്കാൻ ഒരു മണിക്കൂർ എങ്കിലും സമയം എടുക്കുമായിരിക്കും. ഇതിന്റെ ശബ്ദമോ മറ്റ് നീക്കങ്ങളോ പൊലീസ് ശ്രദ്ധിക്കാത്തത് ഗുരുതര വീഴ്ചയാണ്. ദിവസങ്ങൾ എടുത്താണോ ഇത്തരത്തിൽ കമ്പി മുറിച്ചതെന്നും വ്യക്തമല്ല. കമ്പി മുറിച്ച് ഇതിലൂടെ ഊർന്നാണ് പ്രതി പുറത്തിറങ്ങിയതെന്നാണ് വിവരം.
കമ്പി മുറിക്കാൻ എവിടെ നിന്ന് ആയുധം ലഭിച്ചുവെന്നോ ആര് ആയുധമെത്തിച്ചെന്നോ വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയും ഇയാൾ മുതലെടുക്കാനാണ് സാദ്ധ്യത. വെെകിട്ട് അഞ്ച് മണിയോടെ ജയിൽപ്പുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിന് ശേഷം രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് ചാടിയത്. അതിസുരക്ഷാ ജയിലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി വെെകാതെ ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടത്തെ മതിലിനടുത്ത് എത്തിയതെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങൾളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനുമുകളിലെ ഫെൻസിംഗിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി.
വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്. ജയിലിലെ രണ്ട് മതിൽ കടക്കാതെ ഗോവിന്ദച്ചാമിക്ക് പുറത്തെത്താൻ ആകില്ലെന്നിരിക്കെ എങ്ങനെ ഒറ്റക്കെെയ്യനായ ഗോവിന്ദച്ചാമി പുറത്തെത്തിയെന്ന സംശയമാണ് പലർക്കും. പത്താം ബ്ലോക്കിൽ ഉണ്ടായിരുന്ന കുടിവെള്ള കന്നാസ് മതിൽ ചാടാൻ ഉപയോഗിച്ചെന്നും സൂചനയുണ്ട്. കണ്ണൂർ ജയിലിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട് അതിന് പുറത്ത് വലിയ ഒരു മതിൽ കൂടിയുണ്ട്.
രാത്രി ജയിലിൽ പട്രോളിംഗ് ഉണ്ടാകും. എന്നാൽ പുലർച്ചെ മതിലിൽ കിടന്ന വടം കണ്ടാണ് അധികൃകർ ഓരോ സെല്ലുകളായി പരിശോധിച്ചത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോൾ മാത്രമാണ് ചാടിപ്പോയത് ഗോവിന്ദച്ചാമിയാണെന്ന് ജയിൽ അധികൃതർ തിരിച്ചറിഞ്ഞത്. അപ്പോൾ ജയിൽ ചാട്ടം കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞിരുന്നു. തുടർന്ന് ജയിലിന്റെ പരിസരത്തും മറ്റും പരിശോധന നടത്തി. രാവിലെ ആറുമണിയോടെയാണ് ജിയിൽചാട്ടം പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഏഴ് മണിയോടെ പൊലീസ് സംസ്ഥാനത്താകമാനം വിവിരങ്ങൾ കെെമാറി തെരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും ജയിൽ ചാടി ആറ് മണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് 10.30ഓടെ ആളൊഴിഞ്ഞ ഒരു കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |