തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചത് പാറശാല എസ്‌എച്ച്‌ഒ പി അനിൽകുമാർ തന്നെയെന്ന് കണ്ടെത്തി. അനിൽകുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരാൾ കാറിന്റെ സൈഡിൽ ഇടിച്ചുവീണെന്നും പിന്നീട് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാർ പറയുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ചുലാലിന് കൈമാറിയിക്കുകയാണ്. സംഭവദിവസം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് സ്റ്റേഷനിൽ നിന്ന് അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിലേയ്ക്ക് പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ പോയതെന്നാണ് വിവരം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനിൽകുമാറിനെതിരായി കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉന്നതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. അമിതവേഗത്തിൽ വാഹനം അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. അപകടശേഷം വാഹനം വർക്ക്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായായി വിവരം ലഭിച്ചിരുന്നു. വാഹനമിടിച്ച ശേഷം രാജൻ റോഡിൽ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്നു. ആറ് മണിയോടെയാണ് നാട്ടുകാർ രാജനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |