കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി നടി റിനി ആൻ ജോർജ്. താൻ ഒരു പാർട്ടിയിലും അംഗമല്ല. സ്ത്രീകൾക്കെതിരായുള്ള സൈബർ അധിക്ഷേപത്തിന് എതിരായുള്ള പരിപാടി ആയിരുന്നു സിപിഎം നടത്തിയത്. ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സൈബർ ആക്രമണം ശക്തമാണ്. ഇതുപോലെ ആക്രമിക്കാനാണ് പദ്ധതിയെങ്കിൽ പലതും തനിക്ക് തുറന്ന് പറയേണ്ടിവരും. അതിന്റെ പ്രത്യാഘാതം താങ്ങാനാവില്ല. താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം നടത്തിയെന്നും വ്യക്തമാക്കണം. അത് തെളിയിച്ചാൽ ജീവിതം അവസാനിപ്പിക്കാൻ തയ്യാറാണ്' -നടി പറഞ്ഞു.
സിപിഎം നേതാവ് കെ.ജെ.ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ സംഘടിപ്പിച്ച യോഗത്തിലാണ് റിനി പങ്കെടുത്തത്. യോഗത്തിൽ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല പരിപാടിയിൽ പങ്കെടുത്തതെന്നും അവിടെ പോയത് വിവാദമാക്കേണ്ടതില്ലെന്നുമാണ് റിനിയുടെ പക്ഷം. ഒരു പാർട്ടിക്കെതിരെയും അവിടെ താൻ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും പോകും. നിലവിൽ ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. താൻ നൽകിയ പരാതിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |