മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. യൂട്യൂബിലൂടെയൊക്കെ നടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തനിക്ക് സുഖമില്ലാതെ കുറച്ച് ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടിവന്നെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.
'ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നുംപറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് മനസിലായത്. ലിവർ എൻസൈമുകളൊക്കെ നന്നായി കൂടി. ഐസിയുവിലായി. അങ്ങനെ ആശുപത്രിയിൽ കിടന്നു.
കൊവിഡ് വന്നപ്പോൾ കരുതി അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധിയെന്ന്. ആറ് മാസം കഴിഞ്ഞപ്പോൾ എച്ച് വൺ എൻ വൺ വന്നു. അപ്പോൾ തോന്നി കൊവിഡ് എത്രയോ ഭേദമായിരുന്നെന്ന്. പക്ഷേ ഇതുണ്ടല്ലോ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. വെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ എവിടെ നിന്നാണ് കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരും കൂടിയാണ് പോയത്. അതുകഴിഞ്ഞ് മുംബയിൽ എനിക്കൊരു ഫംഗ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെയാളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിംഗിന് പോയി. അതും ഒറ്റയ്ക്കല്ല പോയത്. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം എനിക്ക് മാത്രം അസുഖം വന്നത്.
കഴിഞ്ഞ മാസം ഇരുപത്തിയാറിന് അഡ്മിറ്റായതാണ്. അന്നൊക്കെ അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു. സംസാരമില്ല, എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. അതുകൊണ്ട് ഭക്ഷണം കാണുമ്പോൾ കഴിച്ചാൽ ഛർദിക്കുമോയെന്ന പേടി. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി. എൻസൈംസൊക്കെ ആറായിരമൊക്കെയായി. ഈ അസുഖത്തിനെക്കുറിച്ച് ധാരണയില്ലായിരുന്നു. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയായി. ഐസിയുവിൽ ഫോൺ പറ്റില്ല.
ഈ വീഡിയോയിലൂടെ ഞാൻ പറയാനുദ്ദേശിച്ചത് വേറൊന്നുമല്ല. പുറത്തേക്ക് യാത്ര ചെയ്യുന്നവർ വെള്ളം, ഭക്ഷണം എന്നിവയൊക്കെ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ട്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒന്ന് കൺട്രോൾ ചെയ്യുക. അത്രയും ശുദ്ധിയായ വെള്ളം മാത്രം കുടിക്കുക. പറയുമ്പോൾ എളുപ്പമാണ്. രണ്ടാഴ്ച എനിക്ക് കരിക്ക് കുടിച്ചാലും ഛർദിക്കുമായിരുന്നു. എല്ലാവരും കരുതിയിരിക്കുക."- ദേവി ചന്ദന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |