SignIn
Kerala Kaumudi Online
Friday, 26 September 2025 4.18 PM IST

'മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം ഞാനെടുത്തു സൂക്ഷിച്ചു, അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്ക്'

Increase Font Size Decrease Font Size Print Page
mohanlal

ദിവസങ്ങൾക്ക് മുമ്പാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ദാദസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചത്. പുരസ്‌കാരം മോഹൻലാലിനെത്തേടിയെത്തിയത്‌ മലയാള സിനിമയ്ക്കും മലയാളികൾക്കും ഒന്നടങ്കം അഭിമാനമാണ്. ഈ വേളയിൽ മോഹൻലാലിനെക്കുറിച്ച് നടി ലക്ഷ്മിപ്രിയ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും മോഹൻലാലിന്റെ കാൽച്ചുവട്ടിൽ വച്ച് നമസ്കരിച്ചാലും അതിൽ അതിശയോക്തിയൊന്നും തന്നെയില്ലെന്നും അതെല്ലാം അദ്ദേഹം അർഹിക്കുന്നുണ്ടെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു.

കടലും ആനയും മോഹൻലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണെന്ന് നടി പറയുന്നു. അതോടൊപ്പം തന്നെ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ലക്ഷ്മിപ്രിയ പങ്കുവച്ചു. അന്ന് ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ടെന്നും ഹോഗ്ഗനക്കലെ കാട്ടിൽ മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും നടി ഫേസ്‌ബുക്കിൽ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രത്തിനൊപ്പമുള്ള വീഡിയോ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല.. മോഹൻലാൽ എന്ന നടന് ഈ ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും ആ കാൽച്ചുവട്ടിൽ വച്ച് നമസ്കരിച്ചാലും അതിൽ അതിശയോക്തിയൊന്നും തന്നെയില്ല! അതെല്ലാം അദ്ദേഹം അർഹിക്കുന്നു......!

എന്നിട്ടും രണ്ട് വരി കുറിക്കാൻ എന്തേ വൈകി എന്നു ചോദിച്ചാൽ നിറഞ്ഞ കുടത്തെപ്പറ്റി, നിറഞ്ഞു കത്തുന്ന നിലവിളക്കിനെപ്പറ്റി, കത്തുന്ന സൂര്യനെപ്പറ്റി ഞാനെന്താണ് എഴുതേണ്ടത്? എന്ത് എഴുതിയാലും പറഞ്ഞാലും അത് അധികമായിപ്പോകും....

ഞാൻ കണ്ട് ആസ്വദിക്കുകയായിരുന്നു... അദ്ദേഹത്തെ കേട്ട് ആസ്വദിക്കുകയായിരുന്നു...അദ്ദേഹം ഈ പുരസ്‌കാരത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന്!അദ്ദേഹത്തെക്കുറിച്ച് എല്ലാവരും എന്താണ് പറയുന്നത് എന്ന്! ഓരോന്ന് കണ്ടും കേട്ടും പ്രാർത്ഥിക്കുകയായിരുന്നു, ഇനിയും പുരസ്‌കാരനേട്ടത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് അദ്ദേഹത്തെ നയിക്കേണമേ എന്ന്!

മോഹൻലാലിനൊപ്പം വളർന്നു വലുതായ ബാല്യ കൗമാരങ്ങളാണ് നമ്മുടേത്. ആദ്യമായി ഏത് ചിത്രമാണ് കണ്ടത് എന്ന് ചോദിച്ചാൽ അതോർമ്മയില്ല എന്ന് തന്നെ പറയേണ്ടി വരും. തീയേറ്ററിൽ ആദ്യം കണ്ട ചിത്രം അദ്വൈതമാണ്.1992 ൽ. അതിനും മുൻപ് ഏതെങ്കിലും കണ്ടിട്ടുണ്ടാവാം. പക്ഷേ ഓർമ്മയില്ല.ഒരു അഭിനേതാവിനെ വിലയിരുത്തുന്നതിനുള്ള പ്രായം ആകാത്തതിനാൽ അദ്വൈതത്തിലെ കഥാപാത്രത്തെക്കാൾ എന്നിലെ ബാലികയെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിലെ നർത്തകനാണ്. ആനന്ദനടനമാടി പലയാവർത്തി വിസ്മയിപ്പിച്ചത് അയല്പക്കത്തെ ടീവിയിൽ ചിത്രഗീതത്തിലൂടെ താടിയും അല്പ്പം തടിയുമായി ജുബ്ബയിട്ട് എന്റെ നൃത്ത അധ്യാപകനായ രാധാകൃഷ്ണാൻ മാഷേപ്പോലെ ഒരാൾ.. അക്കാലത്തെ മോഹൻലാൽ എനിക്ക് ശരിക്കുമൊരു നർത്തകനായിരുന്നു. കള്ള് കുടിയനായ ഡാൻസ് മാഷ്. അയാള് കുടിച്ചപ്പോ അയാളുടെ വിയർത്ത ജുബ്ബയ്‌ക്കൊപ്പം കള്ളിന്റെ മണവും കൂടി വന്നിട്ട് എനിക്ക് ഛർദ്ദിക്കാൻ വന്നു... എന്നിട്ടും അയാളുടെ നൃത്തം ആസ്വദിക്കാൻ പിന്നെയും പിന്നെയും കമലദളവും അതിലെപ്പാട്ടുകളും കണ്ടു...... വിഷം കഴിച്ചവശനായി മാഷ് മരിച്ചപ്പോൾ ആ വിഷവും കള്ളും വിയർപ്പും ചേർന്ന മണം അനുഭവിച്ചു കൊണ്ട് മാഷ് മരിക്കണ്ട എന്ന് എന്റെ കുഞ്ഞ് മനം തേങ്ങി........

പിന്നെ ഞാനയാളെ കണ്ടത് ഞങ്ങടെ നാട്ടിൻപുറത്ത് ടെന്റ് കെട്ടി മാസങ്ങളോളം സൈക്കിൾ യജ്ഞം നടത്താൻ വരുന്ന സൈക്കിൾ യജ്ഞക്കാരനായിട്ടാണ്.. വിഷ്ണു ലോകം എന്ന ചിത്രത്തിൽ. പാന്റ് മടക്കി വച്ച്, തലയിൽ ഒരു കെട്ട് കെട്ടി, പാട്ടും കൂത്തുമൊക്കെയായി രസികനായ ചേട്ടൻ... നേരത്തേ പറഞ്ഞ എന്റെ രാധാകൃഷ്ണൻ മാഷേപ്പോലെ എനിക്ക് നന്നായി അറിയുന്ന ആൾ. ആ ചേട്ടൻ പറമ്പിലെ ടെൻറ്റിൽ ഉണ്ടോന്ന് എത്രയോ തവണ ഞാൻ ഒളിഞ്ഞു നോക്കിയിട്ടുണ്ട്. രാത്രിയിൽ കളർ പേപ്പർ പതിപ്പിച്ചു കത്തിക്കുന്ന കളർ ലൈറ്റുകളുടെ ചോട്ടിൽ ഞങ്ങൾ കാണികളുടെ മുന്നിലേക്ക് സൈക്കിളുമായി ഇറങ്ങി വരാനായി ഞാൻ പ്രതീക്ഷയോടെ ഇരുന്നിട്ടുണ്ട്!

പിന്നെ അയാൾ സമ്മാനിച്ചത് ഭയമാണ്. അതോർക്കുമ്പോ ഇന്നും ഭയം വരും. കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന കഥകളിൽ കേട്ടിട്ടുള്ള റിപ്പർ ചാക്കോയെപ്പോലെ ഒരാൾ... വരയ്ക്കുന്ന, പാടുന്ന എന്നെപ്പോലെയുള്ള കുട്ടികളോട് വേഗം ഇണങ്ങുന്ന ചേട്ടൻ.. പക്ഷേ പക്ഷേ ആ ചേട്ടൻ.... അയ്യോ വേണ്ട.... കൊല്ലുമ്പോഴുള്ള ആ ചിരി... ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു......വേണ്ട.....സദയം.

കൊട്ടാരത്തിലെ പാട്ടുകാരനായി ഹിസ് ഹൈനസ് അബ്ദുള്ള, അയാൾ പാടിയപ്പോൾ മറ്റൊരാൾ അയാൾക്ക് വേണ്ടി പാടിയതാണ് എന്ന് തോന്നിയതേ ഇല്ല.പിന്നെയും അയാളെ കണ്ടു അച്ഛനെ തല്ലുന്നത് കണ്ട് പോലീസുകാരനാകാൻ കാത്തിരുന്ന മകൻ തെരുവ് ഗുണ്ടയായി, മനോരോഗ ചികിത്സ തേടി എത്തിയ പെൺകുട്ടിയാൽ പ്രണയിക്കപ്പെടുന്ന മനോരോഗ വിദഗ്ധനായി, കുട്ടിക്കാല ട്രോമയാൽ സിസോഫ്റീനിയ ബാധിതനായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നവനായി, വേശ്യയെ പ്രണയിക്കുന്നവനായി, പൊലീസുകാരനാകാൻ കാത്തിരുന്ന മകൻ സ്വന്തം അച്ഛനെ തല്ലുന്നത് കണ്ട് തെരുവ് ഗുണ്ടയായി അങ്ങനെ അങ്ങനെ എത്രയോ വട്ടം ഏതൊക്കെ വേഷങ്ങളിൽ നമ്മൾ അയാളെക്കണ്ടിരിക്കുന്നു??

അയാൾ ശരിക്കും ഒരു അത്ഭുതമാണെന്നും അതൊരു മനുഷ്യനല്ല ഒരു വിദ്യാധരൻ മനുഷ്യ വേഷത്തിൽ വന്നതാണ് നമ്മെ വിസ്മയിപ്പിക്കാൻ എന്നും എനിക്ക് മനസ്സിലായത് വാനപ്രസ്ഥം കണ്ടപ്പോഴാണ്....പൂതനയായി ഉണ്ണിയ്ക്ക് പാല് കൊടുക്കാനും മൂക്കും കണ്ണുമൊക്കെ വിറപ്പിച്ച് അങ്ങനെ തന്നെ മരിച്ചു വീഴാനും കഥകളി അഭ്യസിക്കാത്ത ഒരാൾ ചെയ്യണമെങ്കിൽ അത് ഒരു മനുഷ്യനാവാൻ യാതൊരു സാധ്യതയുമില്ല.മെല്ലെ മെല്ലെ ആ മനുഷ്യനെ ഒരു വിസ്മയമായി വിദ്യാധരനായി - ഇതിഹാസമായി - പ്രതിഷ്ഠിച്ചു..

പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അത്രനേരം വെയിലിൽ നിന്നതു കൊണ്ട് കണ്ണിൽ കയറിയ ഇരുട്ടുമായി വീടിന്റെ ഉള്ളിലേക്ക് കയറുകയും ഇരുട്ടിൽ ഒരു ഭീമാകാരന്റെ നെഞ്ചിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. ഒന്നും മനസ്സിലായില്ല..തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിമ്മി ഞാൻ നോക്കി... അയ്യോ ഇത് അദ്ദേഹമല്ലേ? നിലവിളിച്ചു കൊണ്ട് ഓരോട്ടമായിരുന്നു..... ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞ ഗുരു കൃപയുണ്ടായിരുന്ന നാല്പ്പത്തി അഞ്ച് ദിവസങ്ങൾ........ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ട്.....ഹോഗ്ഗനക്കലെ കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന?

കടലും ആനയും മോഹൻലാലും മലയാളിയ്ക്ക് എന്നും വിസ്മയമാണ്... സിനിമ സിനിമ എന്ന് മിടിക്കുന്ന ഹൃദയമുള്ള വിസ്മയം! നാം അതിനെ ' എന്റെ' എന്ന് ചേർത്തു വച്ച് 'എന്റെ ലാലേട്ടൻ ' എന്ന് സംബോധന ചെയ്യുന്നു........ അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്ക്?

ഹന്ത: ഭാഗ്യം ജനാനാം.

TAGS: MOHANLAL, MOVIENEWS, MALAYALAMMOVIE, ACTRESS, LEKSHMIPRIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.