
ഇടുക്കി: ഇന്നലെ രാത്രി ലക്ഷം വീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ആഘാതത്തിലാണ് അടിമാലിക്കാർ. അപകടസാദ്ധ്യതാ പ്രദേശമാണെന്ന് പറഞ്ഞിട്ടും വേണ്ടത്ര അധികൃതർ ഗൗനിച്ചില്ലെന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിയാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞ് ഇന്നലെ വെെകുന്നേരം മാത്രമാണ് ആളുകളെ മാറ്റിത്താമസിപ്പിച്ചത്. എന്നാൽ മാറ്റിപ്പാർപ്പിച്ച ക്യാമ്പിൽ കഴിയണമെങ്കിൽ റേഷൻകാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചുവെന്നും ഇതനുസരിച്ച് റേഷൻകാർഡ് എടുക്കാൻ വീട്ടിൽ പോയപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി 10.30 കഴിഞ്ഞാണ് അടിമാലി കൂമ്പൻപാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് എട്ട് വീടുകൾ പൂർണമായും തകർന്നു. ആറ് വീടുകൾ ഭാഗികമായും തകർന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ദേശീയപാത നിർമ്മാണത്തിന് അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ ആറുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി. ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |