
കൽപ്പറ്റ: 18 മാസം 30 ദിവസം. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടു വർഷം തികയും മുമ്പ് 178 കുടുംബങ്ങൾക്ക് വീടു കൈമാറുന്ന ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന റവന്യു മന്ത്രി കെ.രാജൻ വികാരാധീനനായി. വേദിയിലേക്ക് കയറും മുമ്പ് സദസിലുള്ള ഓരോരുത്തരേയും പേരെടുത്തു വിളിച്ചു. പലരും വന്ന് മന്ത്രിയെ കെട്ടിപ്പിടിച്ചു. ഉള്ളിലൊരു സങ്കടക്കനൽ.
ദുരന്തത്തിന്റെ ആഴങ്ങളിലേക്ക് ഒരുപാട് പോയാൽ എനിക്ക് ഈ അദ്ധ്യക്ഷ പ്രസംഗം അവസാനിപ്പിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സന്തോഷ മുഹൂർത്തമാണെങ്കിലും വിട്ടുപോയവരെയോർത്ത് മനസ് വിതുമ്പുന്നു. ഏതെങ്കിലും പാർട്ടിയോ സർക്കാരോ മാത്രമല്ല, കേരളമെന്ന ജനത ഒറ്റക്കെട്ടായി നിന്നു. അതിന് പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യവും. ഇന്നിപ്പോൾ 178 കുടുംബങ്ങൾക്ക് വീടു മാത്രമല്ല പട്ടയവും കൈമാറുമ്പോൾ ലോകത്തിന് മുന്നിൽ കേരള മോഡൽ മാതൃക തന്നെയാണ്- മന്ത്രി പറഞ്ഞു.
2024 ജൂലായ് 30ന് ദുരന്തമുണ്ടായപ്പോൾ മണിക്കൂറുകൾക്കകം മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനുമടക്കം എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാത്തിനും നേതൃത്വം നൽകി മന്ത്രി രാജനുണ്ടായിരുന്നു. അതിരാവിലെ വെളുത്ത മുണ്ടുടുത്തിറങ്ങിയാൽ വൈകിട്ട് ഗസ്റ്റ് ഹൗസിലെത്തുമ്പോൾ വയലിലെ പണി കഴിഞ്ഞിറങ്ങുന്ന തൊഴിലാളിയുടെ വേഷത്തിലാവും. അതെല്ലാം ഓർമ്മിപ്പിച്ചായിരുന്നു രാജന്റെ പ്രസംഗം.
''ദുരന്തത്തിനിരയായവർ പറഞ്ഞത് എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങൾ, മക്കളും വീടും കുടുംബവും സുഹൃത്തുക്കളുമെല്ലാം. ഒന്നിച്ച് ഒരു കുടുംബംപോലെ കഴിഞ്ഞവരെ ഒരുമിച്ചൊരിടത്ത് പാർപ്പിക്കണമെന്നാണ്. കേന്ദ്രം കനിഞ്ഞില്ലെങ്കിലും അവരെ ഒന്നിച്ചൊരിടത്ത് താമസിപ്പിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനം പറഞ്ഞു. അങ്ങനെയാണ് മേപ്പാടി ടൗൺഷിപ്പ് സംഭവിക്കുന്നത്. ഇവിടെ ആശുപത്രി, അങ്കണവാടി, കളിസ്ഥലം, പാർക്ക് എല്ലാം വരും. ഈവർഷം മഴ വരുന്നതിന് മുമ്പ് ബാക്കി വീടുകളും പൂർത്തിയാക്കും''- മന്ത്രി പറഞ്ഞു.
പട്ടയം വിതരണം ചെയ്യുമ്പോഴും വീടു കാണാൻ ചെന്നപ്പോഴും തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞവർക്കൊപ്പം കണ്ണീരണിഞ്ഞു മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |