ബെയ്ലിൻ ദാസ് റിമാൻഡിൽ
തിരുവനന്തപുരം: ഇടതുകവിളിൽ ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തിൽ നിലത്തുവീണു. എഴുന്നേറ്റപ്പോൾ വലതുകൈ പിടിച്ച് തിരിച്ചു. വീണ്ടും കവിളിൽ ആഞ്ഞടിച്ചു. യുവ അഭിഭാഷക ശ്യാമിലിക്ക് സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിൽ നിന്ന് നേരിട്ടത് ക്രൂര മർദ്ദനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രതി ബെയ്ലിൻ ദാസിനെ 27വരെ വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി-11 റിമാൻഡ് ചെയ്തു.
ബെയ്ലിന്റെ ഓഫീസിലെ സഹപ്രവർത്തകയെ ശ്യാമിലി പറഞ്ഞു വിലക്കാത്തതിലുള്ള വിരോധമാണ് മർദ്ദന കാരണമെന്ന് വഞ്ചിയൂർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നീ ആരോടാണ് സംസാരിക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ചായിരുന്നു മുഖത്തടിച്ചത്. ശ്യാമിലിയുടെ താടി ഭാഗംമുതൽ പുരികംവരെ ചുമന്ന് വീർത്തു തടിച്ചു. കണ്ണിന്റെ ഒരുഭാഗം കരിവാളിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ അത് നീതി നിഷേധമാകും. മറ്റുള്ളവർക്ക് ഇത് ചെയ്യാനുള്ള പ്രചോദനമാകും. അത് നീതിപീഠത്തിന് അവമതിപ്പുണ്ടാക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മർദ്ദനവുമായി ബന്ധപ്പെട്ട് ഒരു വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തി.
'ഗൗരവമായി കാണണം'
തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാണണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്ലിനെ റിമാൻഡ് ചെയ്തത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗം വാദിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചു പോയതാണെന്നും പറഞ്ഞു.
പൂജപ്പുര ജില്ലാ ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.
''നീതി ലഭിച്ചു. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ട്. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. ബെയ്ലിൻ ദാസിനെ താൻ മർദ്ദിച്ചുവെന്നത് കെട്ടുകഥയാണ്. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്
-അഡ്വ. ശ്യാമിലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |