തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ ഇടുക്കി കട്ടപ്പന സ്വദേശി മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. മാർച്ച് 7ന് പെനാംഗ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മിനിയെ 22ന് രാത്രി ക്വലാലമ്പൂരിൽ നിന്ന് മലേഷ്യൻ എയർലൈൻസിന്റെ പ്രത്യേക എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും.
പൊള്ളലേറ്റ വിവരം തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഇതിനിടെ മിനിയെ ബന്ധപ്പെടാൻ കഴിയാതെ കുടുംബം ലോക കേരള സഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ടു. തുടർന്ന് ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിന്റെ പ്രാഥമികാന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചതോടെ ഇന്ത്യൻ എംബസിയെ സമീപിച്ചു.
തുടരന്വേഷണത്തിൽ സന്ദർശക വിസയിൽ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം 42 സ്ത്രീകളിൽ ഒരാൾ മാത്രമാണ് മിനിയെന്നും കണ്ടെത്തി. ഏജന്റിന്റെ വീട്ട് തടങ്കലിൽ പാർപ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റി.
അതിനിടെ മിനിയെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണമെന്ന ഇന്ത്യൻ എംബസിയുടെ ഇടപെടലും ഫലം കാണുകയായിരുന്നു.
വ്യാജ ജോലിവിസ വാഗ്ദ്ധാനം ചെയ്ത് മലേഷ്യയിലെത്തിച്ച 42 സ്ത്രീകളിൽ മിനിയുടെ സഹോദരി അടക്കം 2 പേരെ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നോർക്ക റൂട്സ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |