കണ്ണൂർ: ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന. കണ്ണൂർ നഗരത്തിൽ വച്ചുതന്നെ ഇയാളെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കറുത്ത പാന്റും വെളള ഷർട്ടും ധരിച്ചയാളെ കണ്ടെന്ന പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ കുറ്റിക്കാട്ടിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തെരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.
കണ്ണൂർ നഗരത്തിന് പുറത്തേക്കും കോഴിക്കോട്, കാസർകോട് ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തിയിരുന്നു. ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്‌ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇയാളെ ആദ്യം കണ്ടവർ ഗോവിന്ദച്ചാമിയല്ലേയെന്ന് ചോദിച്ചപ്പോൾ വേഗത്തിൽ നടന്നുപോകുകയായിരുന്നു. ഗോവിന്ദച്ചാമിയുടെ കൈവശം ഒരു ഭാണ്ഡക്കെട്ട് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4.15നു ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് പൊലീസ് ഇപ്പോൾ പുറത്തുവിടുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |