SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

സമരം തീർന്നെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; കണ്ണൂരിലും നെടുമ്പാശേരിയിലും സർവീസുകൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page
airindia

കണ്ണൂർ: എയർ ഇന്ത്യ എക്‌സ്‌‌പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതുകൂടാതെ നെടുമ്പാശേരിയിലെ രണ്ട് വിമാന സർവീസുകളും മുടങ്ങി.

തിരുവനന്തപുരത്ത് നിന്ന് ആർദ്ധരാത്രി 1.10നുള്ള അബുദാബി വിമാനം പുറപ്പെട്ടിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും പുനരാരംഭിച്ചു. ദമാമിലേക്കും മസ്‌കറ്റിലേക്കുമുള്ള വിമാനങ്ങളും പുറപ്പെട്ടു.

അതേസമയം, എയർ ഇന്ത്യ എക്‌സ്‌‌പ്രസ് കാബിൻ ക്രൂ സമരത്തിൽ കണ്ണൂർ വിമാനത്താവളത്തിന് അഞ്ച് കോടിയുടെ നഷ്ടമാണുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ മാത്രം നാലായിരത്തിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്. സമരം തീർന്നെങ്കിലും സർവീസുകൾ സാധാരണ നിലയിലാകാൻ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഇന്നലെയാണ് സമരം പിൻവലിച്ചത്. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ഇന്നത്തോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നായിരുന്നു കരുതിയിരുന്നത്.

വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്ക് അസൗകര്യവും കമ്പനിക്ക് നാണക്കേടും വൻ സാമ്പത്തിക നഷ്‌ടവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 30 ജീവനക്കാർക്ക് പിരിച്ചുവിട്ടൽ നോട്ടീസ് നൽകിയിരുന്നു. ഇതും റദ്ദാക്കിയിട്ടുണ്ട്.

പരാതിയിൽ കഴമ്പുണ്ട്

ജീവനക്കാരുടെ പരാതികളിൽ കഴമ്പുണ്ടെന്ന് ന്യൂഡൽഹി റീജിയണൽ ലേബർ കമ്മീഷണർ അശോക് പെരുമല്ല പറഞ്ഞിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ നഗ്നമായ തൊഴിൽ ലംഘനങ്ങൾ നടക്കുന്നതായി മേയ് മൂന്നിന് എയർ ഇന്ത്യ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മറ്റുള്ളവർക്കും അയച്ച ഇ-മെയിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി വേണമെന്നും നിർദ്ദേശിച്ചു.

TAGS: AIRINDIAEXPRESSSTRIKE, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY