പ്രശ്ന പരിഹാരത്തിന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നു ചർച്ച
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് ഭീഷണിയായി മയിൽക്കൂട്ടം.
വിമാനങ്ങൾ റൺവേയിൽ ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും കൂട്ടത്തോടെ എത്തുകയാണ് മയിലുകൾ. ഷെഡ്യൂൾ ഒന്നിൽപെട്ടതും ദേശീയ പക്ഷിയുമായതിനാൽ ഇവയെ പിടികൂടി മാറ്റണമെങ്കിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
മട്ടന്നൂർ മൂർഖൻ പറമ്പിലെ കുന്നിൻ മുകളിൽ നിർമ്മിച്ച വിമാനത്താവള പ്രദേശം കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും കേന്ദ്രമായിരുന്നു. വിമാനത്താവളം ആരംഭിച്ചപ്പോൾ പന്നികളും കുറുക്കനുമായിരുന്നു പ്രശ്നക്കാർ. ഇപ്പോൾ പ്രതിസന്ധി മയിലുകളാണ്. പക്ഷികളെ ഓടിക്കാൻ പ്രത്യേക ജീവനക്കാർ ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇവർ നിസഹായരായി. എങ്ങനെ മയിലുകളെ തുരത്തുമെന്നത് വിമാനത്താവളം അധികൃതർക്ക് തലവേദനയായി. പ്രത്യേക കൂടുകൾ സ്ഥാപിച്ച് മയിലുകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുറുനരി, കുറുക്കൻ തുടങ്ങിയവയുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിച്ചതാണ് മയിലുകളുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
ഇന്നു രാവിലെ പത്തിന് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി എ.കെ. ശശീന്ദ്രനെ കൂടാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |