തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അഞ്ചുമണിക്കൂർ അടച്ചിടും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ടിനെ തുടർന്നാണ് വിമാനത്താവളം മണിക്കൂറുകളോളം പ്രവർത്തനരഹിതമാവുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.
ഇന്ന് വൈകിട്ട് നാല് മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഇതേസമയംതന്നെ ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്യും. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയന സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് ആറാട്ട്.
1932ലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളം ഉണ്ടായത്. ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവം പതിവുണ്ട്. മീനത്തിൽ പൈങ്കുനി ഉത്സവവും തുലാത്തിൽ അൽപശി ഉത്സവവുമാണ് നടക്കുന്നത്. രണ്ട് ഉത്സവങ്ങൾക്കും ശംഖുമുഖം കടലിലാണ് ആറാട്ട് നടക്കുന്നത്. ഇതിനായി ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. കോട്ടയ്ക്കകം പടിഞ്ഞാറെ നടയിൽ നിന്ന് പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |