
കൊച്ചി: മദ്ധ്യകേരളത്തിലെ കന്നുകാലികളിൽ കുളമ്പു രോഗം പടരുന്നത് ക്ഷീരകർഷകർക്ക് ഭീഷണിയാകുന്നു. ആലപ്പുഴ ജില്ലയിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും രോഗബാധയുള്ള ഉരുക്കളെ കന്നുകാലി ചന്തകളിലെത്തിച്ച് വില്പന തുടങ്ങിയതോടെ എറണാകുളം, കോട്ടയം ജില്ലകളിലേക്കും രോഗം വ്യാപിച്ചു. ഇരട്ടക്കുളമ്പുള്ള വളർത്തു മൃഗങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ നൽകേണ്ട പ്രതിരോധ വാക്സിൻ എട്ടു മാസമായിട്ടും നൽകിയില്ലെന്ന് കർഷകർ പറയുന്നു.
വാക്സിനേഷനുള്ള മരുന്നും മറ്റ് സൗകര്യങ്ങളും മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ സജ്ജമാണെങ്കിലും, സംസ്ഥാനതല ഉദ്ഘാടനം വൈകുന്നതാണ് പ്രശ്നം.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരിൽ നല്ലൊരു ഭാഗവും തിരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായതും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
വെറ്ററിനറി ഡോക്ടർമാരെയും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി കന്നുകാലികൾക്കെല്ലാം വാക്സിനേഷൻ നൽകണമെന്ന്
കർഷകർ ആവശ്യപ്പെടുന്നു.. രോഗം നിയന്ത്രണ വിധേയമാകുന്നതു വരെ എല്ലാ കന്നുകാലി ചന്തകളും അടച്ച് മൃഗങ്ങളുടെ ക്രയവിക്രയം തടയുകയും വേണം
'നിലവിൽ കുളമ്പുരോഗ ബാധ റിപ്പോർട്ട് ചെയ്ത തിരുമാറാടി പഞ്ചായത്തിൽ അസുഖം ബാധിച്ച ഉരുക്കൾ സുഖപ്പെട്ടു തുടങ്ങി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർഷകർക്ക് കുളമ്പു രോഗ വ്യാപനം തടയാനായി ബോധവത്കരണം നടത്തുന്നുണ്ട്."
-ജില്ലാ മൃഗസംരക്ഷണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |