
ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി വിദ്യാർത്ഥികൾ
കൊല്ലം: കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികളൊരുക്കിയ ഇ- കൊമേഴ്സ് പ്ലാറ്റ്‌ഫോം 'പ്യൂപ്പിൾ കാർട്ട്" പ്രവർത്തനസജ്ജം. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആയുഷ് എ.പിള്ള, നവനീത്, കാർത്തിക് എന്നിവരാണ് ആശയത്തിനുപിന്നിൽ. ശാസ്ത്രമേളയിലെ ക്രാഫ്റ്റ് വർക്കുകളും കേക്കുകളും തരംഗമായെങ്കിലും വില്പന പാളിയതാണ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്കെത്താൻ നിമിത്തമായത്.
കേക്ക്, ക്രാഫ്ട് വർക്ക്, ഗാർമെന്റ്‌സ്, കുട, തുണികളിലെ ഡിസൈൻ തുടങ്ങി കുട്ടികൾ തയ്യാറാക്കുന്നതെന്തും ഓൺലൈനിൽ വിൽക്കാം. ലോജിസ്റ്റിക് കമ്പനികളുമായി കൈകോർക്കുന്നതോടെ പ്രവർത്തനം വിപുലമാകും. ഉത്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപ്പെടുത്തലോടെ രജിസ്റ്റർ ചെയ്ത് സ്കൂൾ ഐ.ഡി സ്വന്തമാക്കണം. മൊബൈൽ ആപ്പ്, വെബ് ബ്രൗസർ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. വില്പനക്കാർ വിദ്യാർത്ഥികൾ മാത്രം.
നെടുവത്തൂർ ആനക്കോട്ടൂർ മീനാക്ഷത്തിൽ വി.അനീഷ് കുമാർ- അനുപിള്ള ദമ്പതികളുടെ മകനാണ് ടീം ലീഡർ ആയുഷ്. മുതുപിലാക്കാട് നീലാംബരിയിൽ ജി.വിനോദിന്റെയും അർച്ചനയുടെയും മകനാണ് വി.നവനീത്. ഇടവട്ടം ശിവകൃപയിൽ എസ്.ദിലീപ് കുമാർ- ആർ.സുജിത ദമ്പതികളുടെ മകനാണ് ഡി.എസ്.കാർത്തിക്.
കെ- ഡിസ്ക് അംഗീകാരം
കെ- ഡിസ്ക്കിന്റെ മേൽനോട്ടത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വൈ.ഐ.പി ശാസ്ത്രപഥം 7.0യിൽ പ്യൂപ്പിൾ കാർട്ട് ഇ- കൊമേഴ്സ് പ്ളാറ്റ്ഫോം എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികൾക്ക് 75,000 രൂപ ക്യാഷ് അവാർഡും സംസ്ഥാന ശാസ്ത്രമേളയിൽ ആശയം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചത്. പ്രോട്ടോടൈപ്പ് മോഡലാണ് അവതരിപ്പിച്ചതെങ്കിലും ഇപ്പോൾ പ്രൊഫഷണൽ പ്ളാറ്റ്ഫോം തയ്യാറായിക്കഴിഞ്ഞു. അവസാന മിനുക്കുപണികളിലാണ് ഇവർ.
കുട്ടികളുടെ ആശയമാണെങ്കിലും വലിയ സാദ്ധ്യതയുണ്ടെന്ന് ആദ്യമേ മനസിലായി.
- ആർ.എസ്.അർച്ചന,
ശാസ്ത്ര അദ്ധ്യാപിക, പുത്തൂർ ഗവ. എച്ച്.എസ്.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |