തൊടുപുഴ: സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി. എൻജിനിയർ സി.ടി.അജി, ഇടനിലക്കാരനായ കോൺട്രാക്ടർ റോഷൻ സർഗം എന്നിവരെ വിജിലൻസ് അറസ്റ്റു ചെയ്തു. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന് നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി. ഇയാളെ അറസ്റ്രു ചെയ്തിട്ടില്ല. സ്വതന്ത്ര അംഗമായ സനീഷ് എൽ.ഡി.എഫ് പിന്തുണയോടെയാണ് ചെയർമാനായത്.
തൊടുപുഴ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്‌കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനാണ് കൈക്കൂലി ചോദിച്ചത്. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഇസ്മയിൽ ഒരുമാസം മുമ്പ് നൽകിയ അപേക്ഷയിൽ അസി.എൻജിനിയർ പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ അസി.എൻജിനിയർക്ക് കൈക്കൂലി കൊടുത്താലേ ഫിറ്റ്നസ് ലഭിക്കൂവെന്ന് ചെയർമാൻ സനീഷ് ജോർജ് അഡ്മിനിസ്‌ട്രേറ്ററെ ധരിപ്പിച്ചു.
ഒരു ലക്ഷംരൂപ ആവശ്യപ്പെട്ട അസി. എൻജിനിയർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടർന്നാണ് വിജിലൻസിനെ വിവരമറിയിച്ചത്. വിജിലൻസ് നൽകിയ തുക സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇന്നലെ വൈകിട്ട് നാലോടെ നഗരസഭ ഓഫീസിലെത്തി കോൺട്രാക്ടർക്ക് കൈമാറി. തുടർന്ന് ഇയാൾ അസി. എൻജിനിയർക്ക് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |