
തിരുവനന്തപുരം: 'പോറ്റിയേ.. കേറ്റിയേ...' എന്ന സ്വർണപ്പാളി വിവാദത്തിലെ പാരഡി ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയകുമാറിന്റെ പ്രതികരണം.
'പാരഡി പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ല. അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപ്പര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്'- എന്നാണ് ജയകുമാർ പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ യുഡിഎഫും എൻഡിഎയും ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. എൽഡിഎഫിന് വോട്ടുകുറയാൻ ഈ ഗാനം ഇടയാക്കിയെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല ഗാനത്തിനെതിരെ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാനരചയിതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഗാനം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും. വീണ്ടും പരാതികളുണ്ടായാൽ വിവിധ സ്റ്റേഷനുകളിലായി കൂടുതൽ കേസെടുക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.
സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഗാനരചയിതാവ് ജിപി കുഞ്ഞബ്‌ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശത്തുള്ള ഗാനരചയിതാവ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇതുസംബന്ധിച്ച് പൊലീസ് നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്.
തന്റെ പരാതിക്ക് പിന്നിൽ രാഷ്‌ട്രീയമില്ലെന്നാണ് പ്രസാദ് കുഴിക്കാല കഴിഞ്ഞദിവസം പറഞ്ഞത്. ശബരിമല ഭക്തനെന്ന നിലയിലാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളിൽ വിദ്വേഷം വളർത്തുന്ന രീതിയിലും പാട്ടുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |