
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. ഇതുതന്നെ സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് യദു മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'ഇങ്ങനെയേ സംഭവിക്കൂ എന്ന് ഞാൻ നേരത്തേ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസിൽ വാഹനം കൊണ്ട് നിർത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎൽഎയുമാണ് കൂടുതൽ പ്രശ്‌നമുണ്ടാക്കിയത്. മേയർ ആണെന്നറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്‌നമുണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും.
പ്രൈവറ്റ് ബസിൽ ലീവ് വേക്കൻസിയിലാണ് ഇപ്പോൾ ഓടുന്നത്. കെഎസ്‌ആർടിസിയിൽ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎൽഎയും നല്ലപോലെ ജോലി ചെയ്‌ത് ജീവിക്കുന്നു. ജനങ്ങളെ പറ്റിക്കുന്നു. കെഎസ്‌ആർടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാൻ ചെയ്‌തിട്ടുള്ളു. പാവങ്ങളുടെ പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറയുന്നത്. പക്ഷേ, എന്നെ ഒരുപാട് ദ്രോഹിച്ചു ' - യദു പറഞ്ഞു.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകനും വ്യക്തമാക്കി. കേസിൽ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |