തിരുവനന്തപുരം: നാളെ നാഷണൽ ഹെൽത്ത് മിഷൻ നടത്താനിരിക്കുന്ന പരിശീലന പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആശാവർക്കർമാർ നാളെ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരിക്കെയാണ് പരിശീലന പരിപാടിയുമായി സർക്കാർ രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് പരിശീലന പരിപാടി ബഹിഷ്കരിക്കാനുള്ള ആഹ്വാനം. എൻ.എച്ച്.എം ഭരണകക്ഷിയുടെ ചട്ടുകം ആകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വേതന വർദ്ധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കുന്നതിന് നടപടി എടുക്കുന്നതിന് പകരം പരിശീലന പരിപാടി നടത്തുന്നത് സമരം അട്ടിമറിക്കാനാണെന്ന് ആശമാർ ആരോപിച്ചു.
യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്ത പരിശീലന പരിപാടി മുമ്പൊരിക്കലുമില്ലാത്ത വിധം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നത് ആരോഗ്യവകുപ്പിന്റെ കൃത്യമായ ബോദ്ധ്യത്തോടെയാണെന്നും ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ആശസമരത്തെ പിന്തുണയ്ക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെക്രട്ടേറിയറ്റ് ഉപരോധവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
ആശാ പ്രവർത്തകർക്കായി തിങ്കളാഴ്ച പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ എന്നിവയിലാണ് പരിശീലന പരിപാടി നടത്തുന്നത്. ഇതു സംബന്ധിച്ച് ഇന്നലെയാണ് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാർ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |