തിരുവനന്തപുരം: ഇന്ധന സെസിന് പുറമേ ലൈഫ് മിഷൻ കോഴക്കേസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വെട്ടിപ്പും നാളെ പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ആയുധമാവും.
വകുപ്പു തിരിച്ചുള്ള ചർച്ചകളോടെ സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിലേക്കാണ് നാളെ മുതൽ സഭ കടക്കുന്നത്. മാർച്ച് 30 വരെ സമ്മേളിക്കും. നികുതിനിർദ്ദേശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ വ്യക്തമാക്കിയതോടെ സഭയ്ക്ക് പുറത്തും പ്രക്ഷോഭം കനപ്പിച്ചാണ് പ്രതിപക്ഷത്തിന്റെ നില്പ്. ഈ മാസം 9ന് സഭ താത്കാലികമായി നിറുത്തിവച്ചപ്പോൾ സഭാകവാടത്തിൽ നാല് എം.എൽ.എമാർ സത്യഗ്രഹവും അവസാനിപ്പിച്ചെങ്കിലും വർദ്ധിതവീര്യത്തോടെയാകും നാളെ പ്രതിപക്ഷം സഭയിലേക്കെത്തുക. സത്യഗ്രഹം തുടരുമോ, അതോ സമരരൂപം മാറ്റുമോ എന്ന് നാളെ രാവിലെ യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിന് ശേഷമറിയാം.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയടക്കം കരുതൽ തടങ്കലിലാക്കുന്നു, സുരക്ഷയുടെ പേരിൽ പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു തുടങ്ങിയ കുറ്റപത്രങ്ങളും പ്രതിപക്ഷം നിരത്തും.
ലൈഫ് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റോടെ കെട്ടടങ്ങിയെന്ന് തോന്നിച്ച സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് സഭാസമ്മേളനം പുനരാരംഭിക്കുന്ന നാളെയാണ് എന്നതും പ്രതിപക്ഷത്തിന് വീര്യമേകും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ദുരിതാശ്വാസ നിധി വെട്ടിപ്പിൽ വിജിലൻസ് റെയ്ഡെങ്കിലും സർക്കാർ സംവിധാനത്തിലെ പാളിച്ച ഉയർത്തിക്കാട്ടാനാവും പ്രതിപക്ഷം നോക്കുക.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയപ്രതിരോധ ജാഥയുടെ പര്യടനത്തിനിടെയാണ് സഭാസമ്മേളനം. ജാഥയിൽ നിന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നതിനെ സി.പി.എമ്മിലെ ആഭ്യന്തരതർക്കമായി വ്യാഖ്യാനിച്ച് അധിക്ഷേപത്തിനും പ്രതിപക്ഷം ശ്രമിക്കും. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഉയർത്തിയ ആരോപണങ്ങളാവും ഭരണപക്ഷത്തിന് തിരിച്ചടിക്കുള്ള ആയുധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |