മലപ്പുറം: റിസോർട്ട് പോലെ അത്യാധുനിക സൗകര്യങ്ങളുളള കേരളത്തിലെ ഒരു അങ്കണവാടി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു. മലപ്പുറത്തെ ആലംകോട് പഞ്ചായത്തിലെ ചിയ്യാന്നൂർ എന്ന സ്ഥലത്താണ് സ്റ്റൈലിഷ് അങ്കണവാടി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പഞ്ചായത്തംഗമായ അബ്ദുൾ മജീദ് ടി എ ആണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. പലരും ഇത് അങ്കണവാടിയാണോയെന്ന സംശയവും ചോദിക്കുന്നുണ്ട്.
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു അങ്കണവാടി കെട്ടിടത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് ചിയ്യാന്നൂരിലെ അങ്കണവാടി നിർമിച്ചിരിക്കുന്നത്. അങ്കണവാടികളിൽ സാധാരണയായി കുട്ടികളെ ആകർഷിപ്പിക്കുന്നതിനായി കാർട്ടൂൺ പെയിന്റിംഗുകളും ഉൾപ്പെടുത്താറുണ്ട്. പക്ഷെ വൈറലായ കെട്ടിടത്തിൽ അത്തരത്തിൽ യാതൊന്നും കാണാനില്ല. അങ്കണവാടിയുടെ മദ്ധ്യഭാഗത്തായി പാസ്റ്റൽ ഷേഡുകൾ, ഫിഷ് ടാങ്കുകൾ, സൂര്യപ്രകാശം കെട്ടിടത്തിനുളളിൽ ലഭിക്കുന്ന തരത്തിലുളള സൗകര്യങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
1300 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടം പൂർണമായും എയർ കണ്ടീഷൻ ചെയ്തിരിക്കുകയാണ്. ഇവ കൂടാതെ കെട്ടിടത്തിൽ പ്രത്യേക കളിസ്ഥലം, മോഡുലാർ കിച്ചൺ, ടെലിവിഷൻ, വൈഫൈ കണക്ഷൻ, വിശാലമായി ഇരിപ്പിടങ്ങൾ,മികച്ച ഇന്റീരിയറുകൾ എന്നിവ ഉൾപ്പെടുന്നു. അങ്കണവാടിയിൽ മാറ്റം വരുത്താൻ ഏകദേശം 25 ലക്ഷം ചെലവായെന്നാണ് മജീദ് പറയുന്നു.കൂടാതെ ഇന്റീരിയറുകൾക്കു ഉപകരണങ്ങൾ വാങ്ങുന്നതിനുമായി പഞ്ചായത്തിൽ നിന്ന് അധികമായി മൂന്ന് ലക്ഷം രൂപ സഹായം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
'അങ്കണവാടിയുടെ വികസനം ഞങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികയുടെ ഭാഗമായിരുന്നു. ആസ്ബറ്റോസ് മേൽക്കൂരയിലുളള പഴയ കെട്ടിടം തകർച്ചയുടെ വക്കിലായിരുന്നു. ഇത് രൂപകൽപ്പന ചെയ്യുകയെന്നത് അസാദ്ധ്യമായിരുന്നു. പക്ഷെ ഞങ്ങൾ അത് നടപ്പിലാക്കി. ആദ്യഘട്ടത്തിൽ പദ്ധതിക്കായി 15 ലക്ഷമാണ് അനുവദിച്ചത്. എന്നാൽ നിർമാണം കൃത്യസമയത്ത് അവസാനിക്കാതെ വന്നതോടെ പത്ത് ലക്ഷം രൂപ കൂടി അനുവദിക്കേണ്ടി വന്നു'- അബ്ദുൾ മജീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |