തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹാരിസ് വ്യക്തമാക്കി.
ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജിലെ ചില പ്രശ്നങ്ങൾ ഹാരിസ് സോഷ്യൽമീഡിയയിലൂടെ തുറന്നുകാണിച്ചത് വലിയതരത്തിലുളള പ്രതിസന്ധികൾക്ക് കാരണമായിരുന്നു.
കഴിഞ്ഞദിവസം സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിസ് നടത്തിയത്. രോഗികൾക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കേരളം കൂടെനിന്നെങ്കിലും സഹപ്രവർത്തകർ ഒറ്റികൊടുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച രാത്രി കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാട്സാപ് ഗ്രൂപ്പിലാണ് വൈകാരിക നൊമ്പരം പങ്കുവച്ചത്.
സഹപ്രവർത്തകനായ സുഹൃത്തിനെ ജയിലിലേക്ക് അയക്കാൻ കാണിച്ച വ്യഗ്രത മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നായിരുന്നു ഹാരിസിന്റെ പ്രതികരണം. ചില വെള്ളിനാണയങ്ങൾക്ക് വേണ്ടി മരണത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകട്ടെയെന്ന് പറഞ്ഞാണ് ഹാരിസ് കുറിപ്പ് അവസാനിപ്പിച്ചത്. 'കള്ളനാക്കി ലോകത്തിനു മുന്നിൽ ചിത്രീകരിച്ചു. കുരിശിലേറ്റാൻ ശ്രമിച്ചു. താൻ ചികിത്സയിൽ ആണെന്ന് അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഫോണിലൂടെയോ നേരിട്ടോ ഒരു വിശദീകരണവും ചോദിച്ചില്ല. 30വർഷത്തിൽ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചത്. പിന്നിൽനിന്ന് കുത്തുമെന്ന് കരുതിയില്ല'- ഹാരിസ് കുറിപ്പിൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |