തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നിർണായക കണ്ടെത്തലുമായി എതിർമുന്നണികളുടെ അന്വേഷണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. ഇവർക്ക് തൃശൂരിലും വോട്ടുണ്ടായിരുന്നു.
തൃശൂരിൽ പട്ടികയിൽ മുക്കാട്ടുകര 115-ാം നമ്പർ ബൂത്തിൽ 1219-ാം വോട്ടറായി സുഭാഷിന്റെ പേര് ചേർത്തിരിക്കുന്നത് എഫ്‍വിഎം 1397173 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലും 1218-ാം വോട്ടറായി ഭാര്യ റാണിയുടേത് എഫ്‍വിഎം 1397181 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ട് ഉണ്ട്. തൃശൂരിൽ ഇവർ സ്ഥിരതാമസക്കാരല്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
നിയമപരമായി ഒരാൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു തിരിച്ചറിയൽ കാർഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുളളൂ. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കേണ്ടതുണ്ട്. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകുക വഴി മാത്രമേ രണ്ടാമതൊരു തിരിച്ചറിയൽ കാർഡ് കിട്ടുകയുളളൂ. തെറ്റായ വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണ്. ഒന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |