തിരുവനന്തപുരം: നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിഷേധം തണുപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തിയേക്കും. തിങ്കളാഴ്ച രാവിലെയോ അതിന് മുമ്പോ മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ കാണാനാണ് സാദ്ധ്യത.
സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് പുറമേ മറ്റ് ചില നിയമനിർമാണങ്ങൾ കൂടി സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ അനുനയിപ്പിക്കണമെന്ന ചിന്ത ശക്തമാണ്. ഇന്നലെ നിയമസഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണൻ പ്രതിപക്ഷനേതാവിന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം സമവായ ചർച്ചയ്ക്ക് തയാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ ആവശ്യങ്ങളിൽ അനുകൂല സമീപനമുണ്ടാവാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയതായാണ് വിവരം.
അടിയന്തരപ്രമേയ നോട്ടീസുകൾ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, എം.എൽ.എമാർക്കെതിരെ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയെടുത്ത കേസുകൾ പിൻവലിക്കുക, കെ.കെ. രമയുടെ പരാതിയിൽ കേസെടുക്കുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് അപഹസിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിളിക്കാമെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭയുടെ കാര്യോപദേശക സമിതി യോഗവും വിളിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനം. പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണ്.
ഇന്നലെ സഭ ചേർന്നത്
വെറും 10 മിനിറ്റ്
തിരുവനന്തപുരം: ചോദ്യോത്തരവേള തുടങ്ങി 10 മിനിറ്റിനുള്ളിൽ അടിച്ചുപിരിഞ്ഞ് ഇന്നലെയും നിയമസഭ. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കള്ളക്കേസെടുത്തെന്നാരോപിച്ച് ചോദ്യോത്തരവേള ആരംഭിച്ചയുടൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. സതീശൻ പ്രസംഗം മുഴുമിപ്പിക്കും മുമ്പ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം മുഴക്കി. ഇതിനിടയിൽ ആദ്യ ചോദ്യത്തിന് ഉത്തരം നൽകാനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സ്പീക്കർ ക്ഷണിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കെ.എം. സച്ചിൻദേവ്, എ. പ്രഭാകരൻ, എ. രാജ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേളയുടെ അവശേഷിച്ച ഭാഗം റദ്ദാക്കി മറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നലെത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ വാദികളായ ഏഴ് എം.എൽ.എമാർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. പണ്ട് കേസെടുത്തതെന്തിനാണെന്ന് മന്ത്രി വി. ശിവൻകുട്ടിക്കറിയാമല്ലോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചതോടെയാണ് 'പോയിന്റ് ക്ലിയറായി' എന്നു പറഞ്ഞ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. പ്രതിപക്ഷനേതാവിന് മറുപടിയുമായി എഴുന്നേറ്റ മന്ത്രി വി. ശിവൻകുട്ടി, വനിതാ വാച്ച് ആൻഡ് വാർഡിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ കേസെന്ന് വിളിച്ചുപറഞ്ഞു. "അഞ്ച് വനിതകളെ പ്രതിപക്ഷ എം.എൽ.എമാർ ഭീകരമായി മർദ്ദിച്ചു. ഇത് ചരിത്രത്തിലില്ലാത്തതാണ്"- മന്ത്രി പറഞ്ഞു. ഇതിനിടയിൽ ബഹളം മൂത്തു. സ്പീക്കർ നീതിമാനാകൂ, ക്രിമിനൽ കേസ് പിൻവലിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം മുഴക്കിയത്.
ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ സമീപനം നിരാശാജനകമാണെന്ന് സ്പീക്കർ പറഞ്ഞു. ശ്രദ്ധക്ഷണിക്കലുകൾക്കും ഉപക്ഷേപങ്ങൾക്കുമുള്ള ഉത്തരങ്ങൾ ബന്ധപ്പെട്ട മന്ത്രിമാർ സഭയുടെ മേശപ്പുറത്ത് വച്ചു. അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായുള്ള അജൻഡ മാറ്റിവച്ച് 9.10ന് സഭ പിരിഞ്ഞു.
നടപടി മുഴുവൻ സഭാ
ടി.വിയിൽ കാണിക്കണം
തിരുവനന്തപുരം: ബഹളമുണ്ടാകുമ്പോൾ അങ്ങോട്ടേക്ക് കാമറ ഫോക്കസ് ചെയ്യണമെന്നതടക്കം ലോക്സഭാ നടപടികളുടെ സംപ്രേഷണക്കാര്യത്തിൽ പുറത്തിറക്കിയ മാർഗരേഖ സഭാ ടി.വിക്കും ബാധകമാക്കണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാനടപടികൾ നേരിട്ട് ചിത്രീകരിച്ച് സംപ്രേഷണം ചെയ്യാൻ ചാനലുകൾക്കുണ്ടായിരുന്ന അനുമതി കൊവിഡ് നിയന്ത്രണം കാരണം മാറ്റി സഭാ ടി.വിക്ക് മാത്രമാക്കിയിരുന്നു. സഭാനടപടികൾ ചിത്രീകരിക്കാനുള്ള അനുമതി ചാനലുകൾക്ക് പുനസ്ഥാപിക്കണം. ലോക്സഭാ നടപടികളുടെ സംപ്രേഷണത്തിൽ 2005ൽ വരുത്തിയ ഭേദഗതിയനുസരിച്ച് സഭയുടെ നടുത്തളത്തിലിറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവയുൾപ്പെടെ എല്ലാം കാണിക്കണം. എന്നാൽ സഭാ ടി.വി പ്രതിപക്ഷപ്രവർത്തനങ്ങളെ പൊതുസമൂഹത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതിനുള്ള ഗൂഢലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ്. ഇത്തരം പ്രവണതകൾ പാർലമെന്ററി ജനാധിപത്യപ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.
സഭാ ടി.വിക്കെതിരെ പരാതി നൽകി ---
പ്രതിപക്ഷ ശബ്ദം മൂടി
വയ്ക്കാനാവില്ല: സതീശൻ
കാര്യോപദേശകസമിതിയിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: സഭാ ടി.വിയുടെ പക്ഷപാതപരമായ സമീപനത്തിനെതിരെ പ്രതിപക്ഷം സ്പീക്കർക്ക് രണ്ട് പരാതികൾ നൽകി. കഴിഞ്ഞ ദിവസം സഭാ ടി.വിയുടെ ഹൈപ്പവർ കമ്മിറ്റിയിൽ നിന്ന് നാല് പ്രതിപക്ഷ എം.എൽ.എമാർ രാജിവച്ചിരുന്നു.
ഒരു സഭാ ടി.വിക്കും മൂടിവയ്ക്കാൻ കഴിയുന്നതല്ല പ്രതിപക്ഷത്തിന്റെ ശബ്ദമെന്ന് വി.ഡി. സതീശൻ വാർത്താലേഖകരോടു പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ എടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കർ പറഞ്ഞത്. തങ്ങളുടെ കൂടി ചെലവിൽ പ്രവർത്തിക്കുന്ന സഭാ ടി.വി പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ലെങ്കിൽ അതിന്റെ വീഡിയോ ഇനിയും പുറത്തുവിടേണ്ടി വരുമെന്നും സതീശൻ വ്യക്തമാക്കി.
സമ്മേളനത്തിന്റെ തുടർ അജൻഡകൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേർത്തിരിക്കുന്ന നിയമസഭയുടെ കാര്യോപദേശകസമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല. നിയമസഭയിൽ ഇരിക്കാത്തപ്പോൾ എങ്ങനെ കാര്യോപദേശകസമിതിൽ പോയിരിക്കും. മുഖ്യമന്ത്രിയുടെ ഈ ഏകാധിപത്യശൈലിക്കെതിരായ പോരാട്ടം ജനങ്ങളിലെത്തിക്കുമെന്നും സതീശൻ വ്യക്തമാക്കി. പി.കെ. ബഷീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സർവകക്ഷി യോഗം
കാപട്യം: സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ വെളുപ്പിന് കള്ളക്കേസുകളെടുത്ത ശേഷം രാവിലെ സർവകക്ഷിയോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവർക്കും ബോദ്ധ്യമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളിൽ വാദി പ്രതിയായ സ്ഥിതിയാണ്. ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കലാപം നടത്തിയെന്നതടക്കം ജാമ്യമില്ലാത്ത കേസുകളാണ്. പത്ത് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസ്. എന്നാൽ മർദ്ദനമേറ്റ എം.എൽ.എമാരുടെ പരാതിയിൽ ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളും. കെ.കെ. രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. എം.എൽ.എമാർക്ക് കിട്ടാത്ത നീതി സാധാരണ ജനത്തിനെങ്ങനെ കിട്ടും. നാട്ടിൽ പൊലീസ് ഭരണമെങ്ങനെയെന്നതിന് ഉദാഹരണമാണിത്.
തിരുവഞ്ചൂരിനെ തള്ളിമാറ്റി പ്രകോപനമുണ്ടാക്കിയത് സി.പി.എം ഗുണ്ടയെപ്പോലെ പെരുമാറിയ ഡെപ്യൂട്ടി ചീഫ് മാർഷലാണ്. എന്നിട്ടാണ് തിരുവഞ്ചൂർ തല്ലിപ്പരിക്കേല്പിച്ചെന്ന് അയാളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്.
പ്രശ്നങ്ങൾ തീർക്കാനല്ല സർവകക്ഷിയോഗം വിളിച്ചത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുന്ന ചട്ടം 50ന്റെ കാര്യത്തിൽ ഒത്തുതീർപ്പിനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പല മന്ത്രിമാരും പേരെടുത്തത് അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറഞ്ഞിട്ടാണ്. കാലങ്ങളായി ലഭിച്ചുവരുന്ന അവകാശം പ്രതിപക്ഷം സർക്കാരിന് മുന്നിൽ പണയപ്പെടുത്തിയാൽ ജനം വിചാരണ ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് ദയവുണ്ടായാൽ അടിയന്തരപ്രമേയ നോട്ടീസ് തരാമെന്ന തീരുമാനം അംഗീകരിച്ചു പോകാനാവില്ല. ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറുന്നതുവരെ സമരവുമായി മുന്നോട്ട് പോകും. സർക്കാരിന്റെ ഒരു പരിപാടിയോടും സഹകരിക്കില്ല. സമരം നിയമസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതും ആലോചിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
തങ്ങൾ ആക്രമിച്ചെന്ന്
രമ പറഞ്ഞിട്ടില്ല:
സലാമും സച്ചിൻദേവും
തിരുവനന്തപുരം: വനിതാ എം.എൽ.എമാരെ തങ്ങൾ ആക്രമിച്ചെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് ഭരണപക്ഷ അംഗങ്ങളായ എച്ച്. സലാമും കെ.എം. സച്ചിൻദേവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവദിവസം സഭാകവാടത്തിന് മുന്നിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച കെ.കെ. രമ , വാച്ച് ആൻഡ് വാർഡ് അവരെ പിടിച്ചുവലിച്ചെന്നാണ് പറഞ്ഞത്. ഭരണകക്ഷിയംഗങ്ങൾ ആക്രമിച്ചോയെന്ന് ചോദിച്ചപ്പോൾ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് രമ പറഞ്ഞത്.
സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും പ്രതിപക്ഷനേതാവ് പേരെടുത്തുപറഞ്ഞ് ആരോപണമുന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു വാർത്താസമ്മേളനം.
ഭരണകക്ഷിയംഗങ്ങളിൽ ആരെങ്കിലും ചവിട്ടിയെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടണം. വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചിട്ടാണ് എം.എൽ.എമാർക്ക് പരിക്കേറ്റത്. വാച്ച് ആൻഡ് വാർഡിന്റെ പരിക്ക് ഗുരുതരമായതിനാൽ രജിസ്റ്റർ ചെയ്ത വകുപ്പുകളിലും വ്യത്യാസമുണ്ടാകും. കെ.കെ. രമയുടെ പരിക്ക് വ്യാജമാണെന്നോ അല്ലെന്നോ തങ്ങൾ പറയുന്നില്ല. ആശുപത്രി രേഖകൾ മാദ്ധ്യമങ്ങൾ പരിശോധിക്കട്ടെ.
നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി
ചൊറിയണം നടണം: കെ.സുധാകരൻ
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് ആർ. സുഗതൻ ജീവിച്ചിരുന്നെങ്കിൽ നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി ചൊറിയണം നടണമെന്നു പറയുമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. സുഗതൻ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ,ഇപ്പോൾ രണ്ടിടത്തും ബാധകമാണ്. ജീർണതയുടെ മൂർദ്ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുകയും പ്രതിപക്ഷത്തെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്നും സുധാകരൻ പറഞ്ഞു.
സുധാകരൻ രാഷ്ട്രീയത്തെ
മലിനമാക്കുന്നു: വി.ശിവൻകുട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ. പി. സി. സി പ്രസിഡന്റ് കെ .സുധാകരനെന്ന് മന്ത്രി വി. ശിവൻകുട്ടി. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും. കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |