പാലക്കാട്: ട്രോളി ബാഗ് വിവാദത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. ട്രോളി വിവാദം അനാവശ്യമാണെന്ന് മുതിർന്ന നേതാവ് എൻ എൻ കൃഷ്‌ണദാസ് തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ ജനകീയ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
'പെട്ടിയിൽ സ്വർണം ഉണ്ടോ പണം ഉണ്ടോ എന്ന് കണ്ടെത്തുന്നത് പൊലീസ് ആണ്. പൊലീസ് കണ്ടുപിടിക്കണ്ടേ. തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയം ചർച്ച ചെയ്യണം. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നമാണ് ഇവിടെ ചർച്ച ചെയ്യാനുള്ളത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. താൻ പറയുന്നതാണ് സിപിഎം നിലപാട്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല',- കൃഷ്ണദാസ് പറഞ്ഞു.
പാർട്ടി നിലപാട് പറയാൻ മറ്റ് നേതാക്കളോട് ചർച്ച ചെയ്യേണ്ടതില്ല. ട്രോളി വിവാദം കഴിഞ്ഞെന്നും ജനകീയ വിഷയങ്ങളിലേക്ക് ചർച്ച മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ രാഷ്ട്രീയം ചർച്ച ചെയ്താൽ യുഡിഎഫും ബിജെപിയും തോൽക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം, കൃഷ്ണദാസിനെ തള്ളി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു രംഗത്തെത്തിയിട്ടുണ്ട്. കള്ളപ്പണം വന്നുവെന്നത് വസ്‌തുത ആണെന്നും ട്രോളി വിവാദത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. അന്വേഷണം നടക്കുമ്പോൾ വസ്‌തുത പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |