തൃശൂർ: അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പായേക്കും. അന്താരാഷ്ട്ര നിലവാരത്തിൽ, കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതാണ് സ്വപ്ന പദ്ധതി.
രണ്ടു മാസത്തിനുള്ളിൽ നടപടിയാരംഭിക്കും. തുടർന്ന് ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് വേറെയും ടൂറിസം പദ്ധതികൾ ഉദ്ദേശിക്കുന്നുണ്ട്. തീർത്ഥാടന ടൂറിസവും ഉൾപ്പെടുന്നു.
വിദേശികൾക്കടക്കം എളുപ്പത്തിൽ എത്താവുന്ന ആകർഷകമായ സ്ഥലമായതിനാലാണ് അതിരപ്പിള്ളിയെ തിരഞ്ഞെടുത്തത്. 80 അടി മുകളിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയെ വേറിട്ടതാക്കുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി തുടങ്ങി കോർത്തിണക്കാവുന്ന സ്ഥലങ്ങളുമുണ്ട്. സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് അതിരപ്പിള്ളി.
വൈദ്യുത പദ്ധതി അനുവദിക്കില്ല
കഴിഞ്ഞ ദിവസം കേരളത്തിലെ പുതിയ വൈദ്യുത പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ നടത്തിയ വിശകലനയോഗത്തിൽ സംസ്ഥാന സർക്കാർ അതിരപ്പിള്ളിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിരപ്പിള്ളിയെ വൈദ്യുത പദ്ധതിക്ക് വിട്ടുകൊടുക്കില്ലെന്ന് യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.
ഡിസ്‌നിലാൻഡ് ടൂറിസം
തീം പാർക്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റൈഡുകൾ, മിസ്റ്റിക് ഫോറസ്റ്റ്, ലിറ്റിൽ വില്ലേജ് തിയേറ്റർ, ടോയ് സ്‌റ്റേഷൻ, സാഹസിക ദ്വീപ്, ജംഗിൾ ഗാർഡൻസ്, അഡ്വഞ്ചർ ലാൻഡ് ബസാർ തുടങ്ങിയവ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |