
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരുന്നൂറോളം സാക്ഷികളിൽ വെറും 20 പേർ മാത്രമാണ് കൂറുമാറിയതെന്ന് അതീജീവിതയുടെ അഭിഭാഷക ടി.ബി മിനി. കുറുമാറിയവരിൽ ഒരാളായ നടൻ സിദ്ദിഖ് ഇപ്പോൾ അനുഭവിക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവന്നിരുന്നെങ്കിൽ പല വലിയ നടന്മാരും കുടുങ്ങുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായികരുന്നു അവർ.
'200 സാക്ഷികളിൽ വെറും 20 പേരാണ് കൂറുമാറിയത്. മൊഴി മാറ്റിയ സിദ്ദിഖിന്റെ അവസ്ഥ എന്താണ് ഇപ്പോൾ? സിദ്ദിഖിന്റെ കയ്യിൽ കാശുണ്ടാകാം. വീട്ടുകാർ വേണമെങ്കിൽ ചിലപ്പോൾ അക്കൊമഡേറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷേ, അയാളുടെ മാനം പോയോ? എത്രയോ വർഷങ്ങൾക്ക് മുമ്പുണ്ടായ കേസാണിത്. ആ പെൺകുട്ടി ഭയങ്കര സ്‌ട്രോംഗാണ്. ട്രോമ കൊണ്ട് പറയാൻ പറ്റാതിരുന്നതാണ്. അവർക്ക് ആ ട്രോമയുണ്ട്. ഈ കുട്ടിയെ ചതിച്ചത് ഇടവേള ബാബുവാണ്. അന്ന് ആ പരാതിയിൽ ആക്ഷൻ എടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഹേമ കമ്മിറ്റിയുടെ എല്ലാ റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നെങ്കിൽ വലിയ നടന്മാർ കുടുങ്ങുമായിരുന്നില്ലേ?
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി പുറത്തുവന്ന വിധി കാരണം, ഒരു പെൺകുട്ടി പോലും കേസ് നടത്താൻ ഇനി ധൈര്യപ്പെടില്ല. ഇത് തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും സംഭവിച്ചത്. ഒരു സ്ത്രീയോട് പോയി പറയാം എന്ന് കരുതിയാണ് പലരും ഹേമ കമ്മിറ്റി മുമ്പാകെ പോയത്. നമ്മുടെ സമൂഹത്തിൽ കല്ലെറിയുന്നത് മൊത്തം പെൺകുട്ടികളെയല്ലേ? ആണുങ്ങൾക്ക് സ്വീകരണം അല്ലേ?.
നടിയെ ആക്രമിച്ച കേസിലെ ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ഞാൻ പറഞ്ഞ വക്കീൽ. ഹൈക്കോടതി അയാളെ ഡിസ്ചാർജ് ചെയ്തുകൊടുത്തു. എന്നാൽ അപ്പീലിൽ അയാൾ പ്രതിയായി വരും. പക്ഷേ, അയാൾ ഇപ്പോൾ പാരലൈസ്ഡാണ്'- മിനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |