അമ്പലപ്പുഴ: വഴിയാത്രയ്ക്കിടെ ഇടിച്ച ബൈക്കുമായി കാൽനടയാത്രക്കാരൻ മുങ്ങി. വട്ടം ചുറ്റിച്ചെങ്കിലും, വിരുതനെ മണിക്കൂറുകൾക്കകം പൊലീസ് ബൈക്കു സഹിതം പൊക്കി. ആലപ്പുഴയിലാണ് വാദി പ്രതിയായ സംഭവം.
ആറന്മുള സ്വദേശി മുരളീകൃഷ്ണനാണ് (35) സംഭവത്തിലെ 'പ്രതി"നായകൻ. ഇയാൾക്ക് മോഷണ ഉദ്ദേശ്യമില്ലായിരുന്നെന്നും വിഷാദരോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും പുന്നപ്ര പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: മുരളീകൃഷ്ണന്റെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഭാര്യയ്ക്കടുത്തേക്ക് പോകുമ്പോൾ, പുന്നപ്ര മാർക്കറ്റിന് സമീപത്തുവച്ച് ബൈക്കിടിച്ചു. പായിപ്പാട് സ്വദേശി സജി ഓടിച്ച ബൈക്കാണ് തട്ടിയത്. കാര്യമായി പരിക്കേറ്റില്ല. സംഭവം കണ്ട് നാട്ടുകാർ കൂടി. ഇവരുമായി സജി സംസാരിക്കുന്നതിനിടെ ബൈക്ക് സ്റ്റാർട്ടു ചെയ്ത് മരളീകൃഷ്ണൻ കടന്നുകളഞ്ഞു.
വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസും നാട്ടുകാരും ചുറ്റുപാടും തപ്പിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല. തുടർന്ന് ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരവേ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നു ബൈക്ക് കണ്ടുകിട്ടി. മുരളീകൃഷ്ണനെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |