SignIn
Kerala Kaumudi Online
Thursday, 20 November 2025 4.19 AM IST

ലാബ് വജ്രവ്യവസായത്തിൽ ആഗോള കേന്ദ്രമാകാൻ കേരളം: എലിക്സർ ജുവൽസും ബീറ്റാ ഗ്രൂപ്പും കൈകോർക്കുന്നു

Increase Font Size Decrease Font Size Print Page
beta

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്സർ ജുവൽസ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോർത്തു. ലബോറട്ടറിയിൽ വളർത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാൻ ഈ സഹകരണത്തോടെ സഹായിക്കും.


എലിക്സർ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകൻ രാജ്‌മോഹൻ പിള്ള, ഡയറക്ടർ രാജ് നാരായണൻ പിള്ള എന്നിവരെ ഉൾപ്പെടുത്തി. സൈരാജ് പി.ആർ. സ്ഥാപകനും, മിഥുൻ അജയ്, മുനീർ എം, രാഹുൽ പച്ചിഗർ എന്നിവർ സഹസ്ഥാപകരുമായ എലിക്സർ കേരളത്തിൽ ആരംഭിച്ച് മുംബയിലും സൂറത്തിലുമായാണ് പ്രവർത്തിക്കുന്നത്.


എഫ്.എം.സി.ജി, ലോജിസ്റ്റിക്സ്, സ്‌പോർട്സ് മാനേജ്മന്റ് തുടങ്ങിയ വാണിജ്യമേഖലകളിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച ബീറ്റാ ഗ്രൂപ്പ്. സുസ്ഥിരത വളർച്ചയ്ക്കും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതിനും എലിക്സർ ജുവൽസും ബീറ്റാ ഗ്രൂപ്പും തമ്മിലുള്ള സഹകരണം നിർണായകമാണ്. നൂതന സാങ്കേതികവിദ്യ അവലംബിച്ച് ആഭരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനും ഈ സഹകരണം വഴിവയ്ക്കുമെന്ന് സൈരാജ് പി ആർ പറഞ്ഞു.


ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ ലാബിൽ നിർമ്മിച്ച് സുസ്ഥിരമായ ആഡംബരത്തിന് വഴിയൊരുക്കുകയാണ് എലിക്സർ ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷകരമായതും മാനവികചൂഷണരഹിതവുമായ വജ്രത്തിന് ഇപ്പോൾ ഡിമാൻഡ് കൂടി വരികയാണ് 5 ലക്ഷം രൂപ വിലവരുന്ന ഒരു വജ്രം 50,000 ത്തിന് വാങ്ങാൻ ഇതുവഴി സാധിക്കുന്നു.


കോവളത്ത് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ഹഡിൽ ഗ്ലോബലിന്റെ 2024 ലക്കത്തിൽ ലാബ് വജ്ര ശേഖരം പ്രദർശിപ്പിച്ചതാണ് കമ്പനിക്ക് വഴിത്തിരിവായതെന്ന് സൈരാജ് ചൂണ്ടിക്കാട്ടി. ക്രമേണ വിപണി കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാൻ സാധിച്ചു. ലാബ് വജ്രങ്ങളുടെ മൂല്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള അവബോധം വർധിച്ചത് എലിക്സറിന് ഗുണകരമായി. ഇന്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജിഐഎ), സോളിറ്റയർ ജെമോളൊജിക്കൽ ലബോറട്ടറീസ്(എസ്ജിഎൽ) എന്നിവയുടെ സർട്ടിഫിക്കേഷനുള്ളതാണ് ഈ വജ്രങ്ങൾ. ഉയർന്ന താപനിലയിലും മർദ്ദത്തിലും പ്രകൃതിദത്തമായ രൂപീകരണം അനുകരിക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. സമാനതകളില്ലാത്ത ഗുണനിലവാരവും ധാർമ്മിക പ്രതിബദ്ധതയും ഈ വജ്രങ്ങൾ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ലബോറട്ടറിയിൽ വളർത്തിയ വജ്രങ്ങളുടെ വിപണി സാദ്ധ്യത ദക്ഷിണേന്ത്യയിൽ ഇപ്പോഴും വലിയതോതിൽ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഫാഷനിലും ആഡംബരത്തിലും മൂല്യാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലേക്ക് പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതിനാൽ ലാബ് വജ്രങ്ങളുടെ ആവശ്യം വർധിക്കുകയാണ്. പുതുതലമുറയിലെ ഉപഭോക്താക്കൾ ആഢംബരത്തെ പുനർനിർവചിക്കുക മാത്രമല്ല, ധാർമ്മികവും പരിസ്ഥിതി സൗഹൃദവുമായ ബദലുകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ഇത് എലിക്സറിന്റെ സൗന്ദര്യബോധ കാഴ്ചപ്പാടിനോട് ചേർന്നാണ് നിൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BUSINESS, STARTUP, BETA GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.