ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ‌്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിക്കും ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുകയാണ്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന് പുറമെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, രണ്ട് ആഴ്‌ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരാകണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. നടപടികൾ പൂർത്തീകരിച്ച് കന്യാസ്‌ത്രീകൾ ഇന്നുതന്നെ ജയിൽ മോചിതരാവും എന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ഇന്നലെ ജാമ്യാപേക്ഷയെ ബിലാസ്‌പൂർ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചിരുന്നില്ല. ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. കേരളത്തിൽ നിന്നുളള ഇടതുനേതാക്കൾ കന്യാസ്ത്രീകളെ സന്ദർശിക്കാൻ ഇന്ന് ജയിലിൽ എത്തിയിരുന്നു.
കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമൃതോദാസ്, രക്ഷിതാക്കളുടെ അനുമതിയോടെയാണ് മൂന്നു പെൺകുട്ടികളും അവർക്കൊപ്പം പോയതെന്ന് വാദിച്ചു. തെളിവായി സമ്മതപത്രവും സമർപ്പിച്ചു. പെൺകുട്ടികൾ ക്രിസ്തുമതം പിന്തുടരുന്നവരാണെന്ന് ബോധിപ്പിക്കുകയും ചെയ്തു. യാതൊരു എതിർപ്പും പ്രോസിക്യൂഷൻ ഉയർത്തിയില്ല. ഇതോടെയാണ് ജാമ്യം ലഭിക്കുന്നതിന് വഴി തെളിഞ്ഞത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളാണ് തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |