
കൊച്ചി: തിരുവനന്തപുരം മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമാണ്. രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങൾ. സാങ്കേതിക കാരണങ്ങളാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
തലസ്ഥാന നഗരസഭയിൽ ഗ്ളാമർ ഗേളായി കോൺഗ്രസ് അവതരിപ്പിച്ച സ്ഥാനാർത്ഥിയാണ് വൈഷ്ണ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന് സി.പി.എം നൽകിയ പരാതിയിൽ, വൈഷ്ണയുടെ പേര് കമ്മിഷൻ നീക്കം ചെയ്യുകയായിരുന്നു. ഹിയറിംഗിനു ശേഷം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വൈഷ്ണയെ ഒഴിവാക്കുകയായിരുന്നു.
24 കാരിയായ വൈഷ്ണ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയെന്നു പ്രചാരണം നൽകിയാണ് പാർട്ടി രംഗത്തിറക്കിയത് . എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. ഇവിടെ വൈഷ്ണ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു. കെ.എസ്.യു പ്രവർത്തകയായിരുന്ന വൈഷ്ണ ടെക്‌നോപാർക്കിലെ ജോലി രാജിവച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്.
നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലേ മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വൈഷ്ണയുടെ വോട്ടർ അപേക്ഷയിൽ കെട്ടിടത്തിന്റെ ടി.സി നമ്പർ 18/564 ആണ്. ഈ നമ്പരിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നുമാണ് പരാതി. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബ വീട് മുട്ടടയിലാണെന്ന് വൈഷ്ണ പറയുന്നു. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പരും ഇതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |